ഷാരോണ്‍ കൊലപാതക കേസ്: പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന്
1496877
Monday, January 20, 2025 6:48 AM IST
നെയ്യാറ്റിൻകര: പാറശാല ഷാരോൺ കൊലപാതകക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കും അമ്മാവന് നിർമലകുമാരൻനായര്ക്കും നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീറാണ് ശിക്ഷ വിധിക്കുന്നത്.
കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഗ്രീഷ്മയേയും മൂന്നാം പ്രതി അമ്മാവന് നിര്മലകുമാരന്നായരെയും കുറ്റക്കാരെന്നു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോടതി അവരുടെ പ്രതികരണം ചോദിക്കുകയുണ്ടായി. ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നു പ്രതിഭാഗവും ഷാരോണിനെ മാത്രമല്ല, പ്രണയമെന്ന സങ്കല്പത്തെ തന്നെയാണ് പ്രതി ഗ്രീഷ്മ കൊലചെയ്തെന്നു പ്രോസിക്യൂഷനും വാദിച്ചു.
സമൂഹത്തിനു നല്ല സന്ദേശം ലഭിക്കത്തക്കവിധത്തിലുള്ള വിധിപ്രസ്താവം കോടതിയില്നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന് അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു.
2022 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ കഷായം കുടിക്കല്‍ സംഭവം ഉണ്ടായത്. കാമുകനായ ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.