മലയോര റോഡുകളുടെ നവീകരണം വൈകുന്നു
1496508
Sunday, January 19, 2025 6:17 AM IST
വെള്ളറട: തകര്‍ന്നുകിടക്കുന്ന പ്രധാന മലയോര റോഡുകളില്‍ പലതിന്റെയും നവീകരണം വൈകുന്നുവെന്ന് ആക്ഷേപം. അധികൃതരുടെ ഉറപ്പുകളൊന്നും നടപ്പിലായില്ല. ഈ റോഡുകളില്‍ അപകടങ്ങള്‍ തുടര്സംഭവങ്ങളായിട്ടും ബന്ധപ്പെട്ട അധികൃതര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുന്നുവെന്ന ആക്ഷേപവും മലയോരനിവാസികള്ക്കുണ്ട്.
വെള്ളറട, ആര്യങ്കോട്, കുന്നത്തുകാല്‍, അമ്പൂരി പഞ്ചായത്തുകളിലെ റോഡുകളില്‍ പ്രധാനപ്പെട്ട പലതുമാണ് യാത്രായോഗ്യമല്ലാത്തതരത്തില് പൊട്ടിപ്പൊളിഞ്ഞ നിലയിലായത്. ഇതില്‍ തുടലി കോവിലുവിള മണവാരി, കീഴാറൂര്‍ നെട്ടണി അരുവിക്കര, കുടപ്പനമൂട്-കാസാറോഡ്, കുടപ്പനമൂട്, ചൂണ്ടിക്കല്‍ ആറാട്ടുകുഴി ശൂരവക്കാണി, അമ്പൂരിപന്തപ്ലാമൂട്, കൂട്ടപ്പൂ അമ്മത എന്നീ റോഡുകള്‍ അതീവ ശോച്യനിലയിലാണ്.
ഈ റോഡുകളുടെ പലഭാഗത്തും ടാര്‍ ഇളകിമാറി വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. രാത്രിയില്‍ ഇരുചക്ര വാഹനങ്ങള്‍ ഈ കുഴികളില്‍ അകപ്പെട്ടുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. കൂടാതെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ ചല്ലി കാല്‍നടക്കാരുടെ ദേഹത്തും സമീപ കടകളിലും പതിച്ചുണ്ടാകുന്ന അപകടവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ആനപ്പാറ എലിവാലന്‍കോണം പൊട്ടുവിളാകം റോഡ് തകര്‍ന്ന് ഏറെ ശോച്യനിലയിലാണ്. ജനകീയ സമരങ്ങള്‍ക്കൊടുവില്‍ ചൂണ്ടിക്കല്‍ ശൂരവക്കാണി റോഡില്‍ കുഴിയടയ്ക്കല്‍ നടുന്നുവെങ്കിലും പണികളുടെ അപാകത്താല്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റബ്ബറൈസ്ഡ് ടാറിംഗ് നടത്തിയ റോഡില്‍ കുഴിക്കു മുകളിലെ ലോക്കല്‍ ടാറിംഗ് ദിവസങ്ങള്‍ പിന്നിടും മുമ്പേ ഇളകിമാറുമെന്നുള്ള ആരോപണവുമുണ്ട്. കോവിലുവിള റോഡില്‍ ഓടകള്‍ക്കു സമാനമായ കുഴികളാണ് ഈ റോഡിലുടനീളം രൂപപ്പെട്ടിട്ടുള്ളത്.
ഇതുവഴിയും തകരാറിലായ മറ്റ് ഇടറോഡുകളിലും സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി യും മറ്റു സമാന്തര വാഹനങ്ങളും മടികാട്ടുന്നുണ്ട്. ഇക്കാരണത്താല്‍ ഇവിടെ യാത്രാദുരിതവും രൂക്ഷമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.