ജയചന്ദ്രഗാനങ്ങളുടെ നിലാവിൽ...
1497098
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: ധനുമാസ ചന്ദ്രിക പോലെ മലയാളത്തെ തഴുകുന്ന ജയചന്ദ്രന്റെ ഗാനങ്ങൾ സാന്ദ്രമാക്കിയ ഒരു സന്ധ്യ. ഈ ധനുമാസ സന്ധ്യയ്ക്കു തന്നെ വേർപെട്ട് പോയ ഭാവഗായകൻ ജയചന്ദ്രനു പ്രണാമമർപ്പിച്ച് ജയചന്ദ്രന്റെ അനശ്വര ഗാനങ്ങൾ ഇന്നലെ അനന്തപുരി ഏറ്റുവാങ്ങി.
ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണ നേതൃത്വം നല്കിയ സംഗീത കൂട്ടായ്മയാണ് ഭാരത് ഭവനിലെ മണ്ണരങ്ങിൽ ജയചന്ദ്ര ഗീതങ്ങൾ അവതരിപ്പിച്ചത്. ശ്രീനഗരത്തിലെ ചിത്രവനത്തിലെ... എന്ന ഗാനം പാടിക്കൊണ്ട് അജയ് വെള്ളരിപ്പണ ജയചന്ദ്രന്റെ രാഗാർദ്ര ലോകത്തേയ്ക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ജയചന്ദ്രന്റെ ആദ്യഗാനമായ മഞ്ഞലയിൽ മുങ്ങിത്തോർത്തി.... ചന്ദ്രശേഖരൻ പാടി. ശങ്കർ ഋഷിമംഗലം ആലപിച്ച റംസാനിലെ ചന്ദ്രികയോ.... പ്രണയ സുരഭിലമായി.
ജയചന്ദ്രൻ സ്വന്തം കൈപ്പടയിൽ എഴുതിയ പാട്ടുകൾ നിറഞ്ഞ പാട്ടുപുസ്തകവുമായാണ് ഡോ. റെജികുമാർ വേദിയിലെത്തിയത്. ജയചന്ദ്രൻ സമ്മാനിച്ച പാട്ടുപുസ്തകം കൈയിൽ പിടിച്ച് റെജികുമാർ ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു... എന്ന ഗാനം പാടിയത് അവിസ്മരണിയമായി. രാധിക നായർ, സംഗീത പാർവതി തുടങ്ങിയ ഗായികമാരും ഗാനങ്ങൾ ആലപിച്ചു. ജയചന്ദ്രഗീതങ്ങൾ എന്ന സംഗീത സന്ധ്യയുടെ ഉദ്ഘാടനം മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു നിർവഹിച്ചു.
ജയചന്ദ്രന്റെ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ.... എന്ന ഗാനം പാടിയായിരുന്നു ഉദ്ഘാടനം. സംഗീത കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം സംവിധായകൻ ജോളിമസ് നിർവഹിച്ചു. തെക്കൻസ്റ്റാർ ബാദുഷ, ഡോ. വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, റഹീം പനവൂർ തുടങ്ങിയവർ പ്രസംഗിച്ചു.