കൂവക്കുടി പാലത്തിൽ സുരക്ഷാ വേലികൾ പുനസ്ഥാപിച്ചു തുടങ്ങി
1497083
Tuesday, January 21, 2025 6:31 AM IST
നെടുമങ്ങാട് : കൂവക്കുടി പാലത്തിലെ സുരക്ഷാവേലികൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് അധികൃതർ ആരംഭിച്ചു. മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് ഇരുമ്പ് വലയും മുള്ളുവേലിയും സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. 1904-ൽ കൂവക്കുടിയിൽ ജർമൻകാർ നിർമിച്ച വീതി കുറഞ്ഞ പഴയ പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് സമീപത്ത് ഒമ്പതുകോടി രൂപ വിനിയോഗിച്ച് പുതിയ പാലം നിർമിച്ചത്.
101.44 മീറ്റർ നീളത്തിൽ നിർമിച്ച പാലം 2017 ആഗസ്റ്റ് 30ന് ഉദ്ഘാടനം ചെയ്തു. ആളാഴിഞ്ഞ പ്രദേശമായ കൂവക്കുടിയിലെ പാലത്തിൽ നിന്നും ആറ്റിൽ ചാടി നിരവധിപേർ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് തടയിടാനും ആറ്റിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കാനും വാട്ടർ അഥോറിറ്റി 10 ലക്ഷം രൂപ മുടക്കി പാലത്തിൽ സുരക്ഷാവേലി സ്ഥാപിച്ചത്. എന്നാൽ പാലത്തിന്റെ വശങ്ങളിലുള്ള വേലിയുടെ കമ്പികൾ മുഴുവനും സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതിനു വേണ്ടി ക്രമേണ നശിപ്പിച്ചു.
വിദൂരസ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യം സുരക്ഷാവേലിയുടെ തകർന്ന ഭാഗങ്ങളിലൂടെ കരമനയാറ്റിലേക്ക് തള്ളുന്നതും പതിവായി. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സുരക്ഷാവേലി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ഒരാഴ്ചയ്ക്കുളളിൽ പണി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.