പൂനൈ സ്വദേശികളായ സഹോദരങ്ങൾ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
1496701
Sunday, January 19, 2025 11:52 PM IST
തിരുവനന്തപുരം: തന്പാനൂരിലെ ഹോട്ടൽ മുറിയിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മുക്ത കോന്തിബ ബാമനെ (49), ദത്താത്രെ കോന്തിബ ബാമനെ (45) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരങ്ങളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ദത്താത്രെയെ തൂങ്ങിമരിച്ച നിലയിലും മുക്തയെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ ആത്മഹത്യചെതതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ മൃതദേഹങ്ങൾക്കരികിൽനിന്നും ആത്മഹത്യക്കുറിപ്പും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ശനിയാഴ്ച വൈകുന്നേരം വരെയും ഇരുവരെയും പുറത്തു കണ്ടിരുന്നു. ഞായറാഴ്ച രാവിലെ ചായയുമായെത്തിയ ഹോട്ടൽ ജീവനക്കാരൻ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഹോട്ടൽഅധികൃതർ പോലീസിൽ വിവരം അറിയിച്ചത്. പോലീസെത്തി വാതിൽ പൊളിച്ചു അകത്തു കയറുകയായിരുന്നു.
തങ്ങൾക്കു ജോലിയില്ലെന്നും ബന്ധുക്കളില്ലാത്തതിനാൽ മരണവിവരം ആരെയും അറിയിക്കേണ്ടതില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. പൂനെ ശിഖാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ താമസിക്കുന്നത്. തന്പാനൂർ പോലീസ് ശിഖാപൂർ പോലീസിനു വിവരം കൈമാറിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇരുവരും അവിവാഹിതരെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പടുത്താനാൻ കഴിയൂവെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തന്പാനൂരിലെ മറ്റൊരു ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.