രുചി വൈവിധ്യവുമായി ലൂർദിൽ ഭക്ഷ്യവിപണമേള
1496882
Monday, January 20, 2025 6:48 AM IST
തിരുവനന്തപുരം: രുചി വൈവിധ്യവുമായി ലൂർദ് ഫൊറോന പള്ളിയിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. ലൂർദ് പള്ളിയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന ലൂർദ് വിമൻസ് അസോസിയേഷൻ സാധുജന സേവനത്തിന്റെ ഭാഗമായാണ് ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 6.30 മുതൽ വൈകുന്നേരം ആറു വരെയായിരുന്നു ലൂർദ് ഹാളിൽ മേള സംഘടിപ്പിച്ചത്. വിപണനത്തിനെത്തിച്ച വിവിധ ഇനം ഭക്ഷ്യവസ്തുക്കൾ ലൂർദ് വിമൻസ് അസോസിയേഷൻ അംഗങ്ങളായ വനിതകൾ വീട്ടിൽനിന്നും പാചകം ചെയ്ത് എത്തിച്ചവയായിരുന്നു. സ് പൈസസ്, അച്ചാറുകൾ, വസ്ത്രങ്ങൾ, ചെടികൾ, തുടങ്ങിയവ വാങ്ങുന്നതിനും മേളയിൽ സൗകര്യം ഒരുക്കിയിരുന്നു.
അപ്പം, ചിക്കൻ റോസ്റ്റ്, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ഡക്ക് റോസ്റ്റ്, കട്ലറ്റ്, ഫിഷ് കറി, കപ്പ ബിരിയാണി തുടങ്ങിയ വിഭവങ്ങൾക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രുചികരമായ ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി തുടങ്ങിയവ വാങ്ങുന്നതിനും നിരവധി ആളുകളാണ് എത്തിയത്. വിപണന മേളയിൽ നിന്നും ലഭിക്കുന്ന പണം പൂർണമായും ആർസിസിയിൽ ചികിത്സ തേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനും മറ്റു സാമൂഹ്യ സേവനങ്ങൾക്കുമായി ഉപയോഗിക്കും.
വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ മേള വലിയ ഒരു സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നതെന്നു ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.