16-ാമത് പ്രേംനസീർ പുരസ്കാരം ഷീലയ്ക്ക്
1496509
Sunday, January 19, 2025 6:17 AM IST
തിരുവനന്ത പുരം: ചിറയിൻകീഴ് പൗരാവലിയുടെ 16-ാമത് പ്രേം നസീർ പുരസ് കാരം സിനിമാതാരം ഷീലയ്ക്ക് നൽകുമെന്നു പ്രേംനസീർ അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രേംനസീറുമായി 130ൽ പരം സിനിമകളിൽ നായികയായും, മറ്റു വിവിധ ഭാഷകളിലായി 500ൽ പരം ചിത്രങ്ങളിൽ അഭിനയിക്കുകയു ചെയ്ത ഷീല സിനിമാ ലോകത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
ഒരു ലക്ഷത്തി ഒന്ന് രൂപ കാഷ് അവാർഡും, ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശ്സ്തി പത്രവുമാണ് പ്രേംനസീർ പുരസ്കാരം. പുരസ്കാരം സംഭാവന ചെയ്യുന്നത് ചിറയിൻകീഴ് പഞ്ചായത്താണ്.
ഫെബ്രുവരി 18നു വൈകുന്നേരം ആറിനു ശാർക്കര മൈതാനിയിൽ ചേരുന്ന സ്മൃതി സായാഹ്നം ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തുടർന്ന് കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ. സുഭാഷ് അറിയിച്ചു. അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ എസ്.വി. അനിലാൽ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ്, മെമ്പർമാരായ ചിത്ര, മോനി, മണികണ്ഠൻ, സന്തോഷ്, പൊടിയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.