വിദ്യാലയ സ്മരണകളിലൂടെ അതിരൂപത സഹായമെത്രാനും കവിയും
1496892
Monday, January 20, 2025 6:56 AM IST
നെയ്യാറ്റിന്‍കര : മാതൃവിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചെത്തിയ പൂര്‍വ വിദ്യാര്‍ഥികളായ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര് ക്രിസ്തുദാസിനും കവി വിനോദ് വൈശാഖിക്കും സ്കൂള്‍ അങ്കണത്തില്‍ കുരുന്നുകള്‍ ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തി ഹൃദ്യമായ വരവേല്‍പ്പ് നല്കി.
ബാന്‍ഡ് മേളത്തിന്റെ അകന്പടിയോടെ ഇരുവരും മറ്റ് അതിഥികള്‍ക്കും ആതിഥേയര്ക്കുമൊപ്പം വേദിയിലേയ്ക്ക് നടന്നു നീങ്ങുന്പോള്‍ പഴയകാല വിദ്യാലയ സ്മരണകള്‍ ഉള്ളില്‍ നിറഞ്ഞു.
പഠനകാല ഓര്‍മകള്‍ അവര്‍ പിന്നീട് വിദ്യാര്‍ഥികളുമായി സംവദിച്ചപ്പോള്‍ സദസിനാകെയും പ്രചോദനാത്മകമായ അനുഭവമായി. ലൂർദുപുരം സെന്റ് ഹെലൻസ് ഹയർസെക്കന്‍ഡറി സ്കൂളിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. ആര് ക്രിസ്തുദാസ് നിര്‍വഹിച്ചു.
കവി വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ബേസിൽ ഷിബു അധ്യക്ഷനായി. ഹയർസെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ സിറിയക്, പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസ്,
ലൂർദുപുരം ഇടവക വികാരി ഫാ. പ്രദീപ് ജോസഫ്, മാനേജർ സിസ്റ്റർ ആലീസ് വർഗീസ്, ഹയർസെക്കന്‍ഡറി വിഭാഗം പിടിഎ പ്രസിഡന്റ് ലിനിറ്റ കാംപസ്, വിദ്യാർഥി പ്രതിനിധി പ്രഫുൽ പ്രദീപ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.