കഴക്കൂട്ടം സൈനിക് സ്കൂളിലെ 80 കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നു
1497097
Tuesday, January 21, 2025 6:31 AM IST
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിന്റെ 64-ാമത് റൈസിംഗ് ഡേയും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡും സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. ഏഴുവർഷത്തെ കഠിനമായ വിദ്യാലയ മികവും സൈനികാധിഷ്ഠിതമായ പരിശീലനം പൂർത്തിയാക്കിയതിനു ശേഷം ഒൗട്ട്ഗോയിംഗ് ബാച്ചിലെ മൂന്നു പെണ്‍കുട്ടികൾ ഉൾപ്പെടെ എണ്‍പത് കേഡറ്റുകൾ അവരുടെ മാതൃ വിദ്യാലയത്തോട് വിടപറഞ്ഞു.
ദക്ഷിണ വ്യോമസേനാ മേധാവിയും സൈനിക സ്കൂളിലെ 1983 ബാച്ച് പൂർവ വിദ്യാർഥിയുമായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠനായിരുന്നു മുഖ്യാതിഥി. പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ മാധവ് മേനോൻ എന്നിവർക്കൊപ്പം എയർ മാർഷൽ തുറന്ന ജീപ്പിൽ പരേഡ് വീക്ഷിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ബാൻഡ് ടീമിന്റെ അകന്പടിയോടെ രണ്ട് പാസിംഗ് ഒൗട്ട് ബാച്ച് കണ്ടിൻജന്റ് ഉൾപ്പെടെ പത്തു കണ്ടിൻജന്റ്കൾ ഉൾപ്പെട്ടതായിരുന്നു പരേഡ്.
ചടങ്ങിൽ അഭിസംബോധന ചെയ്ത എയർ മാർഷൽ മണികണ്ഠൻ കേഡറ്റുകളുടെ മികച്ച പരേഡ് പ്രകടനത്തെ അഭിനന്ദിക്കുകയും കേഡറ്റുകളുടെ വഴിത്തിരിവാകുന്ന ഈ മുഹൂർത്തത്തിനെ പ്രശംസിക്കുകയും ചെയ്തു.