ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു
1497095
Tuesday, January 21, 2025 6:31 AM IST
വിതുര: മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു. വിതുര കൊമ്പ്രംകല്ല് തണ്ണിപ്പെട്ടി ശിവാഭവനിൽ ശിവാനന്ദൻ കാണി(46)യെയാണ് ഇന്നലെ രാവിലെ കാട്ടാന ആക്രമിച്ചത്.
കല്ലാറിൽ ചൂണ്ടയിടുന്നതിനിടയിലാണ് തലത്തൂതക്കാവ് പാലത്തിന് സമീപം കാട്ടാന ഇയാളെ ആക്രമിച്ചത്. വെളുപ്പിന് നാലുമണിയോടെയാണ് സംഭവം. ആന ശിവാനന്ദൻ കാണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റി എറിയുകയായിരുന്നു. ടാപ്പിങ്ങിനു വന്ന തൊഴിലാളികളാണ് ശിവാനന്ദൻ കാണിയെ കണ്ടത്.
വീഴ്ചയിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ വിതുര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. പലയിടങ്ങളിലും ജനവാസ മേഖലകളിൽ കാട്ടാനി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.