സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ കൂടില്ലവീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്
1496082
Friday, January 17, 2025 6:45 AM IST
പാറശാല: കേരളത്തിലെ ധീരനായ പത്രപ്രവര്ത്തകന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാവീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നെയ്യാറ്റിന്‍കരയില്‍ കൂടിയ സ്വദേശാഭിമാനി ജന്മഗൃഹ സംരക്ഷണ ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. 2014 ഡിസംബര്‍ മാസം നടന് സുരേഷ് ഗോപി കൂടില്ല വീടും അതിനോട് ചേര്‍ന്ന 10 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി മാധ്യമപ്രവര്‍ത്തകരെ ഏല്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് പുനരുദ്ധാരണത്തിന് കെപിസി സി പ്രസിഡന്റ് ആയിരുന്ന വി. എം. സുധീരന് നല്കിയ അഞ്ചു ലക്ഷം ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ലഭിച്ചു എങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യാതൊരു തരത്തിലുള്ള പുനരുദ്ധാരണവും കൂടില്ലാ വീട്ടില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. നിലവിൽ ജന്മഗൃഹം നിലംപൊത്തുന്ന അവസ്ഥയിലാണ്. ഈ അവസരം മുതലെടുത്ത് സ്വദേശാഭിമാനി ജന്മഗൃഹം കൈയ്യടക്കാനും.
പുനരുദ്ധാരണത്തിന്റെ മറവില്‍ വ്യാപകമായ പണപ്പിരിവ് നടത്താനും ഉള്ള ആസൂത്രിതമായ ശ്രമം ചിലർ നടത്തിയതായും ആരോപണമുണ്ട്. കൂടില്ലാ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള പഠന ഗവേഷണ കേന്ദ്രം ഉള്‍പ്പെടെ സ്ഥാപിക്കുവാനും വീട് സംരക്ഷിക്കുവാനും അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായി നെയ്യാറ്റിന്‍കര എംഎല്‍എ കെ. അന്‍സലന്‍ മുഖ്യരക്ഷാധികാരിയായും ,ജില്ലാപഞ്ചായത്തു പ്രസിഡന്റ് ഡി. സുരേഷ് , വിവിധ സംഘടനകളുടെ ഭാരവാഹികളായ അവനീന്ദ്രകുമാര്‍ (ചെയര്മാന്) അഡ്വ. അനിത വെണ്‍പകല്‍ , മഞ്ചന്തല സുരേഷ്, അഡ്വ. വിനോദ് സെന്‍, പി. ബാലചന്ദ്രന് നായര്‍,
അയണിത്തോട്ടം കൃഷ്ണന് നായര്‍, പുന്നാവൂര്‍ അശോകന്, മണലൂര്‍ ശിവപ്രസാദ് (വൈസ് ചെയര്മാന്മാര്) എസ്. കെ. ജയകുമാര്‍ (ജനറല്‍ കണ്‍വീനര്‍),രാജ് മോഹന്‍ , അഡ്വ. തലയല്‍ പ്രകാശ് എന്നിവര്‍ ഉള്‍പ്പെടെ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
കൂടില്ലാവീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും, മന്ത്രി സജി ചെറിയാനും ആക്ഷന്‍ കൗണ്‍സില്‍ നിവേദനവും നല്കി.