അന്‍പത് കിലോ കഞ്ചാവ് പിടികൂടി
1495784
Thursday, January 16, 2025 6:41 AM IST
പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച അന്‍പത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.
കൊല്ലം മയ്യനാട് തട്ടാമല സ്വദേശി അഫ്സല്(29), കൊല്ലം ഉമയനല്ലൂര്‍ പേരയം ത്രിവേണി വീട്ടില്‍ സുബിന്(36) എന്നിവരാണ് കഞ്ചാവുമായി സംസ്ഥാന അതിര്‍ത്തിയില്‍ പിടിയിലായത്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പോലീസും സംയുക്തമായി കാരോട് മുക്കോല ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് കഞ്ചാവുമായി ആഡംബര വാഹനത്തില്‍ സംസ്ഥാനത്തേക്കു വരുമ്പോഴായിരുന്നു പരിശോധന.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ കാറിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം വിശദമായ പരിശോധനയിലാണ് പോലീസ് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെഞ്ഞാറമൂട് പ്രദേശത്തും ചില്ലറ വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്.