ക്രിമിനൽ കേസ് പ്രതി ഓടിച്ച കാർ ഇടിച്ച് അപകടം
1495797
Thursday, January 16, 2025 6:49 AM IST
കാട്ടാക്കട: അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് അപകടം. കഴിഞ്ഞ ദിവസം കാട്ടാക്കടയിലാണ് സംഭവം. അമിതവേഗത്തിലേത്തിയ കാർ എതിരേ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽകോളജിലൽ പ്രവേശിപ്പിച്ചു.
സ്ത്രീയോട് മോശമായി പെരുമാറിയതിന് നാട്ടുകാർ പിടികൂടാൻ ശ്രമിക്കവേ രക്ഷപെട്ടവരാണ് കാറിലുണ്ടായിരുന്നത്. അന്തർ സംസ്ഥാന മോഷ്ടാവ് നേമം നവാസ് (ബാറ്ററി നവാസ്) ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. അപകട സമയം ഇയാളുടെ സുഹൃത്തും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ മണ്ണടിക്കോണം പാപ്പാകോട് സ്വദേശി പ്രവീൺ കൂടാതെ മറ്റൊരാളും കാറിൽ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
അപകടത്തിൽ മാറനല്ലൂർ മേലേരിയോട് കടമ്പനാകോണം വടക്കേവീട്ടിൽ മുരുകൻ (60) ആണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. മുരുകന്റെ രണ്ടുകാലിനും പൊട്ടലുണ്ട്, തലക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച നവാസിനെയും പ്രവീണിനെയും മാറനല്ലൂർ പോലീസിന് കൈമാറി .
നവാസ് ഹൃദ്രോഗി ആണെന്ന് പറഞ്ഞതോടെ പോലീസ് ഇരുവരെയും ആംബുലൻസിൽ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് അയച്ചു, ഇതിനിടെ പ്രവീൺ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണത്തിലാണ് മാറനല്ലൂർ പോലീസ്.