അടുക്കള മാലിന്യ സംസ്കരണം : വിവാദ കമ്പനിയുമായി കോര്പറേഷന് വീണ്ടും കരാറിലേക്ക്
1495793
Thursday, January 16, 2025 6:49 AM IST
തിരുവനന്തപുരം: അടുക്കള മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവാദ കമ്പനിയുമായി വീണ്ടും കരാറില്‍ ഏര്‍പ്പെടുന്നതിനു ഇന്നലെ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അടുക്കള മാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോ കംപോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വിതരണം ചെയ്യാന്‍ ഒമേഗ എക്കോ ടെക് പ്രോഡക്ട്സ് ഇന്ത്യ എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനാണ് തീരുമാനിച്ചത്. ഒന്നിന് 1950 രൂപ നിരക്കില്‍ കാല് ലക്ഷം ബിന്നുകള്‍ വാങ്ങാനാണ് തീരുമാനം. മുന്‍ ഭരണസമിതിയുടെ കാലത്ത് ബിന്നുകള്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിട്ട കമ്പനി ആണിത്.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 2022 ഒക്ടോബറില്‍ കമ്പനിക്ക് ബാക്കി നല്‍കാനുണ്ടായിരുന്ന 1.4 കോടി നല്കാന് ആരോഗ്യ സ്ഥിരം സമിതി ശിപാര്‍ശ ചെയ്തെങ്കിലും കൗണ്‍സില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ കുടിശിക നല്‍കാനായില്ല.
കാണാതായ 2220 ബിന്നുകള്‍ സംബന്ധിച്ച് ദുരൂഹത തുടരുന്നതിനിടെയാണ് പുതിയ കരാറും ഇതേ കമ്പനിക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്. കിച്ചണ്‍ ബിന്നുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. അഞ്ചു കമ്പനികള്‍ പങ്കെടുത്തെങ്കിലും നാലു കമ്പനികള്‍ മാത്രമാണ് യോഗ്യത നേടിയത്.
ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ നവംബര്‍ ആറിനു ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തില്‍ പാലക്കാട് ഐആര്‍ടിസി, റെയ്ഡ്കോ എന്നീ കമ്പനികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. അവശേഷിച്ചതില്‍ ഒമേഗ എക്കോ ടെക് 1975 രൂപയും ഗ്രീന്‍ വില്ലേജ് 2010 രൂപയും ക്വോട്ടു ചെയ്തു.
വിലപേശല്‍ നടത്തിയതില്‍ 25 രൂപ കുറച്ച് ബിന്നുകള്‍ വിതരണം ചെയ്യാന്‍ ഒമേഗ എക്കോ ടെക് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരാറില്‍ ഏര്‍പ്പെടാന്‍ ആരോഗ്യ സ്ഥിരം സമിതി തീരുമാനിച്ചതെന്നാണ് വിശദീകരണം. അതേസമയം ബിജെപി അംഗങ്ങള്‍ തീരുമാനത്തോടു വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും കരാറിന് കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു.