മുഖ്യമന്ത്രിയെ വേദിയിലേക്കു സ്വീകരിച്ചത് പുകഴ്ത്തുപാട്ടോടെ
1496075
Friday, January 17, 2025 6:28 AM IST
തിരുവനന്തപുരം: വ്യക്തിപൂജയോടെയുള്ള ഗാനത്തിന്റെ അകന്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. വ്യക്തിപൂജയെ എപ്പോഴും രൂക്ഷമായി എതിർക്കുന്ന സിപിഎം പാർട്ടിയുടെ സമ്മേളനകാലത്തുതന്നെ ഇത്തരത്തിലൊരു ഗാനത്തോടെ മുഖ്യമന്ത്രിയെ സ്വീകരിച്ചതു ചർച്ചയായി.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരോ ദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം സെക്രട്ടേറിയറ്റ് എംപ്ലോയീസ് പ്രവർത്തകർ ആലപിച്ചത്.
ഊറ്റുകുഴിയിൽ നിർമിച്ച അസോസിയേഷന്റെ സുവർണജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കടന്നു വന്നപ്പോഴാണ് നൂറിലധികം ജീവനക്കാർ ഒത്തുചേർന്ന് ഗാനം ആലപിച്ചത്.
""ചെങ്കൊടിക്കു കാവലായി ചെങ്കനൽ കണക്കൊരാൾ...ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായി...തൊഴിലിനായി പൊരുതിയും ജയിലറകൾ നേടിയും ശക്തമായ മർദ്ദനങ്ങളേറ്റ ധീര സാരഥി... സമരധീര സാരഥി പിണറായി വിജയൻ...പടയുടെ മുന്നിൽ പടനായകൻ’. എന്ന പുകഴ്ത്തു ഗാനമാണ് ആലപിച്ചത്. ഗാനം തുടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
വേദിയിലിരുന്ന് പാട്ട് ആസ്വദിച്ച ശേഷമാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി വേദി വിട്ടപ്പോഴും യാത്രയാക്കിയതും ഇതേ ഗാനം ആലപിച്ചായിരുന്നു.
മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള വാക്കുകൾ ആയിരുന്നു പാട്ടിലേറെയും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.