ഏഴുമാസത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 125 കപ്പലുകൾ
1496072
Friday, January 17, 2025 6:28 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ട്രയൽ റൺ തുടങ്ങി ആദ്യ ഒൻപത് മാസത്തിനുള്ളിൽ പ്രതീക്ഷിച്ചത് കഷ്ടിച്ച് ഇരുപത് കപ്പലുകളും അറുപതിനായിരം കണ്ടെയ്നറും. പക്ഷെ ഏഴുമാസത്തിനുള്ളിൽ എത്തിയത് 125 കപ്പലുകളും കൈകാര്യം ചെയ്തത് രണ്ടരലക്ഷം കണ്ടെയ്നറും. അധികൃതരേയും വിമർശകരെയും അമ്പരപ്പിച്ച് ചരക്ക് കപ്പൽ വരവിൽ വമ്പൻ കുതിപ്പുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി കഴിഞ്ഞ വർഷം ജൂലൈ 15 ലെ ട്രയൽറൺ മുതൽ വരുന്ന മാർച്ച് വരെ അറുപതിനായിരം കണ്ടെയ്നർ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.
എന്നാൽ വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത കപ്പൽ ഏജൻസികളുടെ ഡിമാന്റ് വർധിച്ചതോടെ ബന്ധപ്പെട്ടവരുടെ കണക്ക് കൂട്ടലുകളും മാറി. ഇത്തരത്തിലുള്ള വരവ് തുടർന്നാൽ മാർച്ചോടെ നാല് ലക്ഷത്തിൽപ്പരം കണ്ടെയ്നർ കൈകാര്യം ചെയ്യാമെന്നും അധികൃതർ കരുതുന്നു.
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എംഎസ്സിക്കുപരി മെസ്കിന്റെ രണ്ട് കപ്പലുകൾ കഴിഞ്ഞയാഴ്ച അടുത്തതും കൂടുതൽ കമ്പനികൾ വരാൻ തയാറെടുക്കുന്നതും വിഴിഞ്ഞം തുറമുഖവും തീരവും വൻ തിരക്കിലമരാൻ ഇനി അധികകാലമുണ്ടാകില്ലെന്ന് ഉറപ്പായി.
ട്രയൽ റൺ തുടങ്ങി അവസാനിക്കുന്ന കഴിഞ്ഞ ഡിസംബറിനുള്ളിൽ കമ്മിഷനിംഗ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. കമ്മിഷനിംഗ് നടത്തി തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കുന്നത് ലോകത്തെ അറിയിച്ച് കൂടുതൽ കപ്പലുകളെ ഇങ്ങോട്ട് കൊണ്ടുവരുകയായിരുന്നു ലക്ഷ്യം . എന്നാൽ ട്രയൽ റൺ തന്നെ ലോകം ഏറ്റെടുത്തതോടെ കമ്മിഷനിംഗ് അനന്തമായി നീണ്ടുപോയാലും പ്രശ്നമില്ലെന്ന അവസ്ഥയിലായി കാര്യങ്ങൾ.
മറ്റ് വമ്പൻ തുറമുഖങ്ങളെ വെല്ലുന്ന തരത്തിൽ ഒരേ സമയം ചെറുതും വലുതുമായ മൂന്ന് കപ്പലുകളെ വരെ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് പ്രാപ്തിയുണ്ടെന്ന് ലോകത്തെ അറിയിക്കാൻ കഴിഞ്ഞതും അധികൃതരുടെ വിജയമായി. ഒരു ദിവസവും ഒഴിവില്ലാതെ തുടർച്ചയായി കപ്പൽ വാർഫിൽ അടുക്കുന്നതിന് ഉപരി ഊഴം കാത്ത് തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അപ്പുറം നങ്കൂരമിട്ട് കിടക്കുന്നവയുടെ എണ്ണം കൂടി വരുന്നതും തുറമുഖത്തിന്റെ വികസനത്തിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
ഇനി വേണ്ടത് റോഡുനിർമാണവും റെയിൽവേ നിർമാണവുമാണ്. അവ പൂർത്തിയാക്കി കരമാർഗമുള്ള ഗതാഗതം കൂടി ആരംഭിക്കുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം കൂടുതൽ ഉന്നതിയിലെത്തും.