എഐടിയുസി സെക്രട്ടേറിയറ്റ് മാർച്ച് നാളെ
1495788
Thursday, January 16, 2025 6:41 AM IST
തിരുവനന്തപുരം: അവകാശപ്പെട്ട സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിവേചനത്തോടെയും പ്രതികാരത്തോടെയും സ്വീകരിക്കുന്ന നയം തിരുത്തണമെന്നുമാവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും പത്രസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളുടെ മിനിമം വേതന നിയമം ഉൾപ്പെടെ തൊഴിൽ നിയമങ്ങൾ റദ്ദാക്കി കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ തൊഴിലാളികളുടെ തൊഴിൽ, ഗ്രാറ്റുവിറ്റി, ബോണസ്,
പ്രസവകാല അവധി ആനുകൂല്യങ്ങൾ പെൻഷൻ തുടങ്ങിയ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ പ്രാധാന്യത്തോടെ തീരുമാനങ്ങൾ കൈക്കൊള്ളണം. ബജറ്റിൽ ഇതിനായി കൂടുതൽ തുക വകയിരുത്തണം.
സംസ്ഥാനത്ത് കൂടുതൽ തൊഴിൽ നല്കുന്ന മേഖലകളിൽ ഉണ്ടായ തിരിച്ചടി ഗുരുതരമായ സ്ഥിതിവിശേഷമാണ് വരുത്തിയിട്ടുള്ളത്.
സേവന മേഖലകൾ ഉൾപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. ഇടതു സർക്കാർ തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നു വരണമെന്നും എഐടിയുസി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.