കുണ്ടറക്കുഴി - തവലോട്ടുകോണം പ്രദേശങ്ങളിൽ മോഷണ ശല്യം വർധിക്കുന്നതായി പരാതി
1495801
Thursday, January 16, 2025 6:53 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കുണ്ടറകുഴി, തവലോട്ടുകോണം, വേട്ടംപള്ളി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മോഷണ ശല്യം വർധിക്കുന്നതായി പരാതി.
കഴിഞ്ഞദിവസം കുണ്ടറകുഴിക്ക് സമീപം റബർ തോട്ടത്തിൽ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന 40 ഓളം ഡിഷുകൾ, ഷെഡിന്റെ കതകിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മോഷ്ടിച്ചിരുന്നു. ഇതേ സ്ഥലത്തുനിന്ന് തന്നെ ഒരു മാസങ്ങൾക്കു മുമ്പ് മുപ്പതിൽപ്പരം റബ്ബർ ഷീറ്റുകൾ മോഷണംപോയിരുന്നു.
ഇവ സംബന്ധിച്ച് വസ്തു ഉടമയായ സുബൈർ കുഞ്ഞ് കഴിഞ്ഞദിവസം നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയും, പോലീസ് എത്തി അന്വേഷണം നടത്തിവരികയും ചെയ്യുന്നുണ്ട്.
രാത്രികാലങ്ങളിൽ പതിനൊന്നു മണിക്ക് ശേഷം പരിസരവാസികൾ അല്ലാത്ത പലരും പ്രദേശത്ത് വാഹനങ്ങളിലും മറ്റും ചുറ്റിക്കറങ്ങുന്നതായും,
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും നാട്ടുകാർ പറഞ്ഞു. ലഹരിവസ്തുക്കളുടെ വില്പനയും കുറച്ചുനാളുകളായി പ്രദേശത്ത് വർധിച്ചു വരുന്നതായി പരാതിയുണ്ട്. രാത്രി സമയങ്ങളിൽ പോലീസ് നൈറ്റ് പട്രോളിംഗ് വ്യാപകമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.