ഭക്ഷ്യസുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും : മന്ത്രി വീണ ജോര്‍ജ്
1495792
Thursday, January 16, 2025 6:49 AM IST
മെഡിക്കല്‍കോളജ്: ഭക്ഷ്യസുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തിരുവനന്തപുരം അനലിസ്റ്റ്സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിനായെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍, ചീഫ് ഗവ. അനലിസ്റ്റ് കെ.എ. റംല, ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍ ധന്യ, ഡെപ്യൂട്ടി ഡയറക്ടര്‍ പി. മഞ്ജുദേവി, എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പങ്കെടുത്തു.