മന്ത്രി ജി. ആർ. അനിലിനുനേരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1495799
Thursday, January 16, 2025 6:50 AM IST
നെടുമങ്ങാട് : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മന്ത്രി ജി. ആർ. അനിലിനെ നെടുമങ്ങാട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന്റെ മുന്നിൽ തടയാൻ ശ്രമിച്ചു.
നെടുമങ്ങാട് നഗരസഭ കല്ലിങ്കലിന് സമീപം 54 സെന്റ് സ്ഥലം വാങ്ങുന്നതിൽ ഒന്നരക്കോടി രൂപ അഴിമതി ആരോപിച്ചാണ് മന്ത്രിയെ പ്രവർത്തകർ തടയാൻ ശ്രമിച്ചത്.
റവന്യൂ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയായ പന്ത്രണ്ടര ലക്ഷം രൂപ മറികടന്ന് 15 ലക്ഷം രൂപയാണ് വില നിശ്ചയിച്ച് വസ്തു വാങ്ങുന്നതെന്നും, സെന്റിന് രണ്ടര ലക്ഷം രൂപവച്ച് വൻ അഴിമതിയാണ് നടക്കുവാൻ പോകുന്നത്.
കഴിഞ്ഞ നഗരസഭ കൗൺസിലിൽ വസ്തു വാങ്ങുന്നത് അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുകയുണ്ടായി. തഹസിൽദാർ നിശ്ചയിച്ച വിലയിൽ നിന്ന് ഒരു രൂപയെങ്കിലും കൂട്ടി സ്ഥലം വാങ്ങിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാൽ മന്ത്രിക്ക് മണ്ഡലത്തിൽ ഉടനീളം യൂത്ത് കോൺഗ്രസ് സമരത്തെ നേരിടേണ്ടി വരുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് പ്രസ്താവനയിലൂടെ അറിയിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ശൈലേശ്വരൻ, ഉണ്ണിക്കുട്ടൻ നായർ, അഭിജിത്ത് , ഉണ്ണികൃഷ്ണൻ, ഷാഹിം, ഷാജഹാൻ കൊടിപ്പുറം, വിധു വിനോദ്, മൻസൂർ കാവുമൂല, സേതു തുടങ്ങിയവർ നേതൃത്വം നൽകി.