ഉണ്ണികൃഷ്ണൻ നന്പൂതിരി പുരസ്കാരം ജഗതി ശ്രീകുമാറിന് ഇന്നു സമ്മാനിക്കും
1496077
Friday, January 17, 2025 6:45 AM IST
തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നന്പൂതിരിയുടെ പേരിലുള്ള മുന്നാമത് പുരസ്കാരം നടൻ ജഗതി ശ്രീകുമാറിന് ഇന്നു സമ്മാനിക്കും. ജഗതിയുടെ പേയാട്ടെ വസതിയിൽ രാവിലെ 10.30നു നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പുരസ്കാരം സമ്മാനിക്കും.
50,000 രൂപയും ഉണ്ണി കാനായി രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മലയാള സിനിമയിൽ നിറഞ്ഞാടിയ ജഗതി ശ്രീകുമാർ അപകടത്തെ തുടർന്നു കഴിഞ്ഞ 12 വർഷമായി സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണ്. സിനിമയിൽ ഇല്ലെങ്കിലും ജഗതി പകർന്നാടിയ കഥാപാത്രങ്ങളെല്ലാം മലയാളികൾ നെഞ്ചേറ്റിയവയാണ്.
സ്വാഭാവിക അഭിനയ സിദ്ധിയാൽ മലയാളികളെ വിസ്മയിച്ച അതുല്യനടനെയാണ് ഉണ്ണികൃഷ്ണൻ നന്പൂതിരി പുരസ്കാരം നൽകി ആദരിക്കുന്നത്. കൈതപ്രം ദാമോദരൻ നന്പൂതിരി, മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.