എൽപി സ്കൂളിലെ മേൽക്കൂര ഇളകി വീണു
1495783
Thursday, January 16, 2025 6:41 AM IST
പാലോട് : പേരക്കുഴി ഗവ. എൽപിഎസിലെ ക്ലാസ് മുറിയുടെ സീലിംഗ് ഇളകി വീണു. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഓടിട്ട കെട്ടിടത്തിലാണ് അഞ്ച് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മേൽക്കൂര എല്ലാം ദ്രവിച്ച നിലയിലാണ്.
പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും നിരവധി തവണ നിവേദനം നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രക്ഷകർത്താക്കളടക്കം പരാതി പറയുന്നു.
രണ്ടു വർഷങ്ങൾക്കു മുമ്പ് എംഎൽഎക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഒന്നും നടന്നില്ല.
പാഠ്യപാഠ്യേത്തര പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന പാലോട് ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് പാലോട് പേരക്കുഴി ഗവ. എൽപിഎസ്. സ്കൂളിന്റെ മികവുകൊണ്ടുതന്നെ ഓരോ വർഷവും കുട്ടികളുടെ എണ്ണം നല്ല രീതിയിൽ വർധിക്കുന്നതായി സ്കൂൾ അധികൃതർ പറയുന്നു. നിലവിൽ 250 ലെറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ക്ലാസ് മുറികൾ ഇല്ലാത്തതു മൂലം സമീപത്തെ ബിആർസിയുടെ ട്രെയിനിംഗ് ഹാൾ, ലൈബ്രറി കെട്ടിടം, ബിആർസിയുടെ തന്നെ തെറാപ്പി സെന്റർ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. അധികൃതർ ഇടപെട്ട് പഴക്കമുള്ള കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. .