കുട്ടികളുടെ ശുചിത്വ ഉച്ചകോടി
1496071
Friday, January 17, 2025 6:28 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ശുചിത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. 18,19 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി. മാലിന്യമുക്തം നവകേരളം കാന്പയിനുമായി ബന്ധപ്പെട്ട് ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ചു വരുന്ന ’ശുചിത്വോത്സവം’ കാന്പയിൻ സമാപനത്തിന്റെ ഭാഗമായാണിത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 750 കുട്ടികൾ ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കും. മാലിന്യ സംസ്കരണം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ സംബന്ധിച്ച് കുട്ടികളെ ബോധവാന്മാരാക്കുക, അവരുടെ മനോഭാവത്തിൽ ക്രിയാത്മകമായ മാറ്റം വരുത്തുക, പ്രവർത്തനാധിഷ്ഠിത പഠനപ്രക്രിയയിലൂടെ വിജ്ഞാന സ്വാംശീകരണം സാധ്യമാക്കുക എന്നിവയാണ് ശുചിത്വ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ.
18ന് രാവിലെ 10ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി.ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസി പ്രിയ കാങ്ജും മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശി തരൂർ എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.