നവീകരിച്ച ലേബര്‍റൂം ഉദ്ഘാടനം ഇന്ന്
1496070
Friday, January 17, 2025 6:28 AM IST
മെഡിക്കല്‍കോളജ്: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂം, നവജാതശിശു പരിപാലന വിഭാഗം, ഒപി, അത്യാഹിത വിഭാഗം, എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കും. 2.2 കോടി രൂപ വിനിയോഗിച്ചാണ് ലേബര്‍ റൂം സജ്ജമാക്കിയത്. ഒരേ സമയം 20 പേര്‍ക്ക് പ്രസവം നടത്താന്‍ സൗകര്യമുള്ള ക്യൂബിക്കിളുകളാണ് ഇവിടെയുള്ളത്.
അഞ്ചു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് നവജാതശിശു പരിപാലന വിഭാഗം നവീകരിച്ചത്. ആധുനിക സൗകര്യങ്ങളുള്ള 10 കിടക്കകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗണ്‍സിലിംഗ് വിഭാഗം എന്നിവ ഇവിടെയുണ്ട്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ ചെലവഴിച്ച് ഒപി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചിട്ടുണ്ട്.