തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിലെ ഷാഫി പറമ്പിലിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലിനെ അടിച്ച സിഐ ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. അഴിമതിക്കേസും ഗുണ്ടാ മാഫിയ ബന്ധവും ഈ സിഐക്കെതിരേയുണ്ട്. വഞ്ചിയൂരിലെ പാർട്ടിക്കാരനെ എങ്ങനെ പോലീസിലേക്ക് തിരിച്ചെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
2016 മുതൽ 144 പോലീസുകാരെ പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കണക്ക് പോലീസ് ആസ്ഥാനത്തില്ല. ആകെ 14 പേരെ ഉള്ളു എന്നാണ് കണക്ക്. സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസുകാർക്കെതിരെ തിരിയിപ്പിക്കുകയാണ്.
ഷാഫിക്കെതിരേ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളക്കേസിലും വി.ഡി. സതീശൻ പ്രതികരിച്ചു. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.