തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് അനന്തസുബ്രഹ്മണ്യം.
ചോദ്യം ചെയ്തതിന് ശേഷം അനന്തസുബ്രഹ്മണ്യത്തെ തിങ്കളാഴ്ച രാത്രിയോടെ നോട്ടീസ് നൽകി വിട്ടയച്ചുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. പിന്നീട് അനന്തസുബ്രഹ്മണ്യമാണ് പാളികൾ നാഗേഷിന് കൈമാറിയത്.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയിൽ ഇന്നു നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം അറിയിക്കുക.
1998ൽ ദ്വാരപാലക ശിൽപങ്ങൾ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നൽകിയതെന്നും ഇതിനുപകരം സ്വർണം പൂശി നൽകിയാൽ പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ന് മുതല്‍ ഹൈക്കോടതിയിലെ നടപടികള്‍ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സമ്പന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.
Tags : sabarimala gold case