District News
പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി. മത്തായി ( പൊന്നു -41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ സംഘം പുനരന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ പത്തനംതിട്ടയിൽ ക്യാന്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി ഇന്നലെ ഇവർ രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. ഒരു മണിക്കൂറോളം ഷീബാമോളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ വീട്ടിൽ നിന്ന് വിളച്ചിറക്കി ജീപ്പിൽ കയറ്റി ക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ചോദിച്ചതെന്നും കുറ്റക്കാരായ വനപാലകരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടുവെന്നും ഷീബാമോൾ പറഞ്ഞു.
മത്തായിക്കേസിൽ കഴിഞ്ഞ മാസമാണ് ഹൈക്കോടതി തുടരന്വേഷണിന് ഉത്തരവിട്ടത്. 2020 ജൂലൈ 28ന് അരീക്കക്കാവിലെ വാടക വീട്ടിൽ നിന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ടെന്നായിരുന്നു ആക്ഷേപം. എന്നാൽ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകർ പറയുന്നത്.
മൂന്ന് ഏജൻസികൾ അന്വേഷിച്ചിട്ടും മത്തായിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. സിബിഐ ഏറ്റെടുത്ത അന്വേഷണത്തിൽ മത്തായിയെ കസ്റ്റഡിയിലെടുത്ത ഏഴ് വനപാലകർ മന:പൂർവമല്ലാത്ത നരഹത്യ നടത്തിയെന്നാണ് കണ്ടെത്തിയത്. എന്നാൽ മത്തായിയുടേത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.
പ്രതിസ്ഥാനത്തുള്ള വനപാലകരെ അറസ്റ്റ് ചെയ്തിരുന്നില്ല. വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ ഏഴ് വനപാലകരെ ആറുമാസം കഴിഞ്ഞ് സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിൽ ഒരു വനിതാ ഫോറസ്റ്റ് ഓഫീസർ ആരോഗ്യ വകുപ്പിലേക്ക് മാറി.
അന്വേഷണം അട്ടിമറിക്കാൻ രേഖകളിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥൻ വിരമിച്ചു. അഞ്ച് പേർ വനംവകുപ്പിൽ ജോലിയിൽ തുടരുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിൽ തുടരന്വേഷണ ഹർജി നൽകിയത്.
District News
പേരൂര്‍ക്കട: വ്യാജ പ്രമാണവും വ്യാജ ആധാര്‍ കാര്‍ഡും ചമച്ചു വീടും വസ്തുവും തട്ടിയെടുത്ത രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. കൊല്ലം പുനലൂര്‍ അലയമണ്‍ കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്കു പിറകുവശം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന് ജേക്കബ് (27), കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാട്ടു വീട്ടില്‍ വസന്ത (76) എന്നിവരാണ് പിടിയിലായത്.
കവടിയാര്‍ ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികള്‍ കൈക്കലാക്കിയത്. രേഖകള്‍ വ്യാജമായി ഉണ്ടാക്കി യഥാര്‍ഥ വസ്തു ഉടമസ്ഥനെ മാറ്റിയശേഷം പകരം രൂപസാദൃശ്യമുള്ള മറ്റൊരാളെ ചേര്‍ത്തായിരുന്നു തട്ടിപ്പു നടത്തിയത്.
ഡോറയുടെ പേരിലുള്ള വീട് ജനുവരി മാസം മെറിന് ജേക്കബ് എന്ന ആള്‍ക്ക് ഡോറയുടെ അറിവോ സമ്മതമോ ഇല്ലാതെ ധനനിശ്ചയം എഴുതിക്കൊടുക്കുകയും മെറിന് ജേക്കബ് ആ മാസം തന്നെ ചന്ദ്രസേനന് എന്ന ആള്‍ക്ക് വസ്തു വിലയാധാരം എഴുതി കൊടുക്കുകയുമായിരുന്നു.
ഡോറ അമേരിക്കയില്‍ താമസിച്ചുവരുന്ന കാലത്താണ് ഈ സംഭവം ഉണ്ടാകുന്നത്. ഡോറയുടെ വളര്‍ത്തുമകളാണ് മെറിന് ജേക്കബ് എന്നു വരുത്തിത്തീര്‍ത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തുകയും രജിസ്ട്രാര്‍ ഓഫീസിലെ റിക്കാർഡുകൾ പരിശോധിക്കുകയും ചെയ്തു.
അതിലെ വിരലടയാളങ്ങള്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്ളതായി പോലീസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്, സിപിഒമാരായ ഉദയന്‍, രഞ്ജിത്ത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്, പത്മരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
District News
നെടുമങ്ങാട്: കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യാ സഹോദരൻ ജെ. ഷാജഹാനെ (52) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി (68)നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുൻപാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുൻപ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം.
കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയതെന്നു പറയുന്ന ഭൂമിയിൽനിന്നും അഷറഫ് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരൻ ജെ. ഷാജഹാൻ തന്റെ സ്ഥലത്തുനിന്ന് ആദായമെടുക്കരുതെന്നു പറഞ്ഞു വിലക്കുകയായിരുന്നു.
ഇതു വകവയ്ക്കാതെ പണിക്കാരനൊപ്പം മുന്നോട്ടു നീങ്ങിയ അഷറഫിനെ ഷാജഹാൻ കൈയേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിനു പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ അഷറഫിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുമുള്ള ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിച്ചു. കാലിലേറ്റ പരിക്കുമൂലം പ്രമേഹ രോഗിയായ അഷ്റഫിനു രക്തസമ്മർദം കൂടിയാണു മരണം സംഭവിച്ചതെന്നും വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണു നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ തർക്കമുണ്ടായതായും അഷറഫിനെ മർദിച്ചതായും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Kerala
തൃശൂർ: പുതുക്കാട് കമിതാക്കൾ ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മം ചെയ്യാന്‍ അസ്ഥികൾ പെറുക്കി സൂക്ഷിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവർഷം മുമ്പാണ് അവിവാഹിതരായ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. കുട്ടി മരിച്ചതിന് ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം യുവതി കുഞ്ഞിന്റെ അസ്ഥികൾ യുവാവിനെ ഏൽപിച്ചു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകി. കുട്ടി മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് അസ്ഥികള്‍ പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.