കണ്ണൂർ: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ഏഴുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.
പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ (25), പാച്ചേനി സ്വദേശി അഭിനവ് (25) എന്നിവരാണ് പിടിയിലായത്. ബംഗുളൂരു-പയ്യന്നൂർ റൂട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസിൽ രണ്ട് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
നിലവിൽ രണ്ട് പ്രതികൾക്ക് എതിരെയും എറണാകുളത്തും, കണ്ണൂരിലും എക്സൈസ് കേസുകൾ നിലവിലുണ്ട്. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. പ്രാദേശിക മാർക്കറ്റിൽ അഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
കംപ്രസ്ഡ് പാക്കുകളായി ബാഗുകളിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. പ്രതികൾ കിടന്നിരുന്ന ബർത്തിന്റെ മുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇരിട്ടി എസ്.ഐ.കെ. ഷറഫുദീന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്താനുള്ള സാധ്യത മുൻനിർത്തി കഴിഞ്ഞ രണ്ടാഴ്ചയായി അതിർത്തിയിൽ രാത്രികാല പരിശോധന ശക്തമായിരുന്നു.