പേരൂർക്കട: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകളും ഓട്ടോറിക്ഷകളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. പൂന്തുറ അമ്പലത്തറ വരവിള വീട്ടിൽ നഹാസ് (25), പൂന്തുറ മുട്ടത്തറ ടി.സി 46/1073ൽ ഷമീർ (40), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
നഹാസ് , ഷമീർ എന്നിവർക്കെതിരെ തിരുവനന്തപുരം നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ സമാന സംഭവങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം തമ്പാനൂർ കെഎസ്ആർടിസി പരിസരം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് മൂന്നംഗസംഘം മോഷ്ടിച്ചത്.
എട്ടോളം വാഹനങ്ങളാണ് മൂവരും ചേർന്ന് കവർന്നത്. ഇതിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നാല് വാഹനങ്ങൾ പൂന്തുറയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാലങ്ങളിൽ തമ്പാനൂർ ഭാഗത്ത് എത്തിയശേഷം വിദഗ്ധമായി പൂട്ടുകൾ പൊളിച്ച് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുകയാണ് ഇവരുടെ രീതി.
അതിനുശേഷം ഇടനിലക്കാരൻ വഴി വാഹനങ്ങൾ മറിച്ചു വിൽക്കും. വാഹനങ്ങൾ വാങ്ങുന്നതിന് ഒരു ഇടനിലക്കാരൻ ഉണ്ട്. ഇയാൾ ഈ വാഹനങ്ങളെ പൊളിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് സൂചന നൽകി.
അറസ്റ്റിലായ നഹാസ് ഷമീർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവനെെൽ കോടതിയിൽ ഹാജരാക്കി. ഫോർട്ട് എസി ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം സിഐ ജിജു കുമാർ, എസ്ഐ ബിനു മോഹൻ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags : Theft Trivandrum Local News Nattuvishesham