Kerala
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ മൂന്നു ദിവസം ഗതാഗത നിയന്ത്രണം.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും നാളെ രാവിലെ ആറ് മുതൽ രാത്രി 10 വരെയും 23ന് മുതൽ രാവിലെ ആറ് മുതൽ 12.30 വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ ശംഖുംമുഖം- ഓൾ സെയിന്റ്സ്- ചാക്ക– പേട്ട- പള്ളിമുക്ക്- പാറ്റൂർ- ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്വാർ- മ്യൂസിയം- വെള്ളയമ്പലം- കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ശംഖുംമുഖം- ഓൾ സെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വിജെറ്റി -വേൾഡ്വാർ-മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ – ശ്രീമൂലം ക്ലബ് - വഴുതക്കാട്- വിമൻസ് കോളജ് ജംഗ്ഷൻ - മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
വ്യാഴാഴ്ച രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വിജെറ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട -ചാക്ക -ഓൾ സെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
കൂടാതെ ഇന്നും ബുധനാഴ്ചയും വ്യാഴാഴ്ചയും ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ്പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈയ്കക്കാട് -വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.
ബുധനാഴ്ച വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ് കോളജ് റോഡിലും വ്യാഴാഴ്ച വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാം.
അതേസമം, രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ മറ്റന്നാൾ ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി ഏഴ് വരെയും 24ന് രാവിലെ ആറ് മുതൽ 11 വരെയും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ എത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി യാത്ര തുടരാം.
ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ടൗണിൽനിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
NRI
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗം അറസ്റ്റിൽ. അനന്തപുരി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായത്. ബംഗളൂരുവിൽ വച്ച് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്.
ആസൂത്രിതമായ തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്.
കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മണികണ്ഠനാണെന്ന് പോലീസ് പറയുന്നു.
കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്.
District News
കാട്ടാക്കട: പണിമുടക്കിൽ കാട്ടാക്കടയിൽ രണ്ടിടത്ത് നേരിയ പ്രശ്നങ്ങൾ ഉണ്ടായി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽനിന്നും കാട്ടാക്കട വഴി പൊന്മുടിയിലേക്കു പോവുകയായിരുന്ന ബസ് തടഞ്ഞത്. രാവിലെ 7.30 ആയിരുന്നു സംഭവം. ഇവിടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും സമരക്കാരുമായി വാക്കു തർക്കം ഉണ്ടായി.
തുടർന്ന് സമരക്കാരിൽ കണ്ടാൽ അറിയാവുന്നവർ കണ്ടക്ടറെ മർദിച്ചുവെന്നു കാട്ടാക്കട പോലീസിൽ പരാതി നൽകി. അതേ സമയം സമരക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നു സമരക്കാരും കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
കാട്ടാക്കട ആമച്ചൽ പ്ലാവൂർ സ്കൂളിൽ 27 ഓളം അധ്യാപകർ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതും പ്രശ്നമായി. പ്രദേശത്തെ സമരാനുകൂലികൾ സ്കൂളിനുള്ളിലേക്ക് കയറി അധ്യാപകരുമായി തർക്കത്തിൽ ഏർപ്പെട്ടു. രാവിലെ എത്തിയ അധ്യാപകർ വൈകുന്നേരം അഞ്ചുമണിക്കുശേഷം പോയാൽ മതിയെന്നും സമരക്കാർ ശഠിച്ചു.
പ്ലാവൂരിൽ സ്കൂളിൽ സമരാനുകൂലികൾ നടത്തിയ പ്രതിഷേധത്തിൽ സ്കൂളിലെ സ്റ്റോറും വാതിലും തകർത്തപ്പോൾ ഇതുതെറിച്ച് അധ്യാപകരുടെ ശരീരത്തിൽ പതിച്ച് പരിക്കേറ്റെന്നാരോപിച്ച് കാട്ടാക്കട പോലീസിൽ അധ്യാപകർ പരാതി നൽകി. സ്കൂളിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിക്കുകയും അധ്യാപകരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് അധ്യാപകർക്കനുകൂലമായി കോൺഗ്രസും ബിജെപിയും പ്രകടനം നടത്തി.
കാട്ടാക്കട കെഎസ് ആർടിസി സ്റ്റാൻഡിൽ മുന്നിൽ സമരാനുവരികൾ നെയ്യാറ്റിൻകരയിൽനിന്നും പൊന്മുടിയിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞ ഡ്രൈവറെ മർദിച്ച സംഭവത്തിൽ കേസെടുത്തു.
District News
തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തലസ്ഥാന ജില്ല സ്്തംഭിച്ചു. കടകൾ അടച്ചും സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കാതെയും ജനങ്ങളും സഹകരിച്ചതോടെ ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. ജില്ലയിലെ ചില ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
ആളുകളെയും കയറ്റി സഞ്ചരിച്ച ഓട്ടോറിക്ഷകളെ സമരാനുകൂലികൾ തടഞ്ഞു. വെള്ളയന്പലത്തും സ്റ്റാ ച്യുവിലും മണക്കാടും ആട്ടോറിക്ഷക്കാരും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യഥാസമയം പോലീസ് എത്തിയതിനാൽ സംഘർഷം വലുതായില്ല. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല, പാളയം മാർക്കറ്റുകൾ പൂർണമായും അടഞ്ഞുകിടന്നു.
ഹോട്ടലുകളും തുറന്നില്ല. കെ എസ്ആർടിസി സർവീസ് നടത്താത്തതു മറ്റു സ്ഥലങ്ങളിൽ നിന്നും ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്കു വലിയ ബുദ്ധിമുട്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയ്ക്കെത്തിയവർ പണിമുടക്കിൽ ആകെ ബുദ്ധിമുട്ടി.
ഹോട്ടലുകൾ പണിമുടക്കിൽ സജീവമായതു ആഹാരം കിട്ടാതെ രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകിവരുന്ന പൊതിച്ചോറായിരുന്നു ഇവർക്കൊക്കെ ആശ്രയമായത്. ഇതിനിടെ കുപ്പിവെള്ളം 40 ഉം 50 ഉം രൂപയ്ക്കു വിറ്റചിലരെ പോലീസ് ആശുപത്രി വളപ്പിൽ നിന്നും പുറത്താക്കി.
സമരാനുകൂലികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാർച്ചു നടത്തി. ഇടതുപക്ഷ തൊഴിലാളി സംഘടനകൾ രാജ്ഭവനിലേയ്ക്കു മാർച്ച് നടത്തി. രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. തുടർന്നു രാജ്ഭവനു മുന്നിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്തു. ഐഎൻടിയുസി നേതൃത്വത്തിലുള്ള യുഡിറ്റിഎഫ് ജിപിഒയ്ക്കു മിന്നിൽ മാർച്ച് നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
District News
പാറശാല: രണ്ടാം ലോക മഹായുദ്ധത്തില്‍ ജീവന് നഷ്ടപ്പെട്ട ധീരന്മാരുടെ ഓർമയ്ക്കുമുന്നില് പുഷ്പാര്‍പ്പണം നടത്തിയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തും വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം സര്ഗശാലകള്ക്ക് തുടക്കമായി. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ വി.ആര്. സലൂജ നിര്‍വഹിച്ചു.
യുഎസ്എസ് പരീക്ഷയില്‍ ഏറ്റവും മികച്ച മാര്‍ക്കുനേടിയ 40 കുട്ടികള്‍ക്കായി വിവിധ വിഷയമേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കുന്നതിലൂടെ അവരെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുതിര്‍ന്ന അധ്യാപകന് വാഴാലി വേലുക്കുട്ടിപ്പിള്ള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ ബിപിസി എം. അയ്യപ്പന്, ഡോ. എസ്. പ്രദീപ്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സായൂജ്യ സ്വാഗതവും ഹരികൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വീരസ്മൃതിയില്‍ നടന്ന പുഷ്പാര്പ്പണത്തിനും പ്രതിജ്ഞയ്ക്കും വി.ആര്. സലൂജ നേതൃത്വം നല്കി.
District News
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: ഈ മഴക്കാലത്തും പതിവുപോലെ അവരെത്തി. കറുപ്പും മഞ്ഞയും ഇടകലർന്ന ചിറകുള്ള കഴുത്തിനു മുകളിൽ ചുവന്ന വരകളുള്ള സുന്ദരിയായ ഗരുഡ ശലഭം... പി ന്നെ ശ്രീകൃഷ്ണ നീലിമയും കറുപ്പും കലർന്ന ചിറകുകളുള്ള കൃഷ്ണശലഭം.... പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫറായ ബിജു കാരക്കോണത്തിന്റെ കാരക്കോണത്തെ വസതിയിലാണ് പ്രകൃതി തന്നെ കുടഞ്ഞിട്ട ഈ സൗന്ദര്യറാണിമാർ പിന്നെയും പറന്നെത്തിയിരിക്കുന്നത്.
വർണപ്പകിട്ടുള്ള ചിറകുവിടർത്തി കിരീടം പോലെ ഉയർന്നു നില്ക്കുന്ന കൃഷ്ണകിരീടപ്പൂകളുടെയും, ചെത്തിപ്പൂക്കളുടെയും ഇടയിൽ പാറിപ്പറക്കുന്പോൾ അവർക്കുറപ്പുണ്ട് ഫോട്ടോഗ്രഫർ തങ്ങളുടെ വേറിട്ട ലാവണ്യം ഇത്തവണയും പകർത്തുമെന്ന്..!
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി പ്രകൃതിയുടെ നിറവും സംഗീതവും സൗന്ദര്യവുംതേടി നടക്കുന്ന ബിജു കാരക്കോണത്തിന്റെ ശേഖരത്തിൽ നൂറോളം ചിത്രശലഭ ചിത്രങ്ങളുണ്ട്. ഇവയിൽ മഴനീർതുള്ളികൾക്കൊപ്പം വരുന്ന ഗരുഡശലഭത്തിന്റെയും കൃഷ്ണവർണമാർന്ന കൃഷ് ണശലഭത്തിന്റെയും പലവിധ ചിത്രങ്ങൾ ഏറെ ശ്രദ്ധേയം. ചുവന്ന ഉടലും ചിറകുകളിൽ ചുവന്ന പൊട്ടുകളുമുള്ള നാട്ടുറോസ് എന്ന ചിത്രശലഭ ചിത്രവും മനോഹരം തന്നെ.
സാധാരണ പറന്പുകളിൽ കാണുന്ന കറുപ്പും മഞ്ഞയും ചുവപ്പും ഡിസൈനുകളുള്ള വിലാസിനി ശലഭത്തിന്റെയും (ജെസിബൽ) വ്യത്യസ്ത ഫോട്ടോകൾ കാണാം. മഴക്കാലങ്ങളിൽ മാത്രമാണ് പതിവുമുടക്കാതെ ഗരുഡശലഭവും കൃഷ്ണശലഭവും എത്തുന്നത്. വീട്ടുപരിസരത്ത് നിറയെ പൂക്കൾ ഉള്ളതു കൊണ്ടു മഴ സീസണിലും ചെറുശലഭങ്ങളും ഉണ്ട്.
തീരെ ചെറിയ കിളിയെ പോലുള്ള ഹമ്മിംഗ് ബേർഡ് നിശാശലഭവും ബ്ലൂ ടൈഗർ നിശാശലഭവും പൂക്കൾ തേടി എത്തുന്നുണ്ടെന്നു ബിജു കാരക്കോണം പറയുന്നു. മഴക്കാല പൂന്പാറ്റുകളെന്നു പറഞ്ഞ് ഇവയെ നിസാാരവത്കരിക്കാൻ വരട്ടെ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭവും കേരളത്തിലെ ഏറ്റവും വലിയ ചിത്രശലഭവുമാണ് പേരു സൂചിപ്പിക്കുന്നത് പോലെ ഈ വന്പൻ ഗരുഡശലഭം. സതേണ്‍ ബേർഡ്വിംഗ് എന്നാണ് ഇംഗ്ലീഷ് നാമം.
2016-ൽ കർണാടക സർക്കാർ ഗരുഡശലഭത്തിനു ഒൗദ്യോഗിക പദവി നല്‍കിയിട്ടുമുണ്ട്. ഇതുപോലെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ് ക്ക് സഹായിക്കുന്ന ചിത്രശലഭങ്ങളെ ലോകം തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നർഥം. കൃഷ്ണ ശലഭമാകട്ടെ കേരളത്തിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണ്.
കാഷ്മീർ മുതൽ കന്യാകുമാരി വരെ യാത്ര ചെയ്ത് പ്രകൃതിയെ പകർത്തിയിട്ടുള്ള ബിജു കാരക്കോണത്തിനു മുന്നിൽ പ്രകൃതി തുറന്നുവച്ചത് വലിയ ജീവിത പാഠങ്ങൾ കൂടിയാണ്. ബിജുവിന്റെ വാക്കുകളിലേക്ക്.... ഇന്നു സമൂഹത്തിൽ കാണുന്ന പല വിപത്തുകൾക്കും പരിഹാരമാണ് പ്രകൃതിയിലേക്കുള്ള മടക്കം. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങി പുതിയ തലമുറയെ വേട്ടയാടുന്ന പലശീലങ്ങൾക്കുമുള്ള പ്രതിരോധ മരുന്നാണ് പ്രകൃതി സഞ്ചാരം.
പ്രകൃതി എന്ന ലഹരിയിലേക്കു വളർന്നുവരുന്ന തലമുറയെ എത്തിച്ചാൽ പിന്നെ മാരകങ്ങളായ ലഹരി അന്വേഷിച്ച് പോവില്ല. മുറ്റത്തും പറന്പിലും പാറിപ്പറക്കുന്ന പൂന്പാറ്റകളെയും കിളികളെയും കണ്ടും സ്നേഹിച്ചും വളരുന്ന ഒരു കുട്ടിയും കൂടപ്പിറപ്പിന്റെയും കൂട്ടുകാരന്േറയും നെഞ്ചിലേക്കു കത്തി കയറ്റില്ല.
ബിജു കാരക്കോണത്തിന്റെ വാക്കുകൾക്കു പ്രകൃതി അനുഭവത്തിന്റെ കരുത്തുണ്ട്. യുവത്വത്തിലേക്കു കടന്നുകഴിഞ്ഞവരെ മാറ്റുക എളുപ്പമല്ല. അതിനാൽ പ്രൈമറി ക്ലാസുകൾ മുതൽ പ്രകൃതി പാഠങ്ങൾ കുട്ടികളെ ശീലിപ്പിക്കണം എന്നും ഇദ്ദേഹം പറയുന്നു. വിലയേറിയ ഹൈബ്രിഡ് ചെടികൾക്കും അലങ്കാര സസ്യങ്ങൾക്കും പകരം ചിത്രശലഭങ്ങൾക്കു തേൻ നുകരുവാനും മുട്ടയിടുവാനും സഹായകമായ നാടൻ പുഷ്പ ചെടികൽ നട്ടുവളർത്തുവാനും കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതായിരിക്കും. ചിത്രശലഭങ്ങൾ മുട്ടയിടുന്നത് പ്രത്യേക ചെടികളിലാണ്.
രാസകീടനാശിനികളുടെ ഉപയോഗം മണ്ണിനെയും ശലഭങ്ങളുടെ ലാർവയെയും നശിപ്പിക്കും. തേനീച്ചകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽ മനുഷ്യനു നാലുവർഷങ്ങൾ മാത്രമേ ആയുസുണ്ടാവൂ എന്നും തേനീച്ചകൾ പരാഗണം നടത്തിയില്ലെങ്കിൽ സസ്യങ്ങളോ, മൃഗങ്ങളോ, മനുഷ്യനോ ഭൂമിയിൽ നിലനില് ക്കില്ല എന്നും പറഞ്ഞത് ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനാണ്. ഇതേ കുറിച്ചെല്ലാം വളർന്നുവരുന്ന തലമുറയെ പഠിപ്പിച്ചാൽ വലിയ നാശത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ കഴിയും.
District News
മെഡിക്കല്‍കോളജ്: പുലയനാര്‍ക്കോട്ട നെഞ്ചുരോഗാശുപത്രിയുടെ അവസ്ഥ പരിതാപകരമായി തുടരുന്നു. നവീകരണവും അറ്റകുറ്റപ്പണിയും നിലച്ചതോടെയാണു കഴിഞ്ഞ ഒരുവര്‍ഷമായി ആശുപത്രിയുടെ അവസ്ഥ പരിതാപകരമായിരിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ഒരുനൂറ്റാണ്ടിലേറെ പഴക്കം വരുന്ന ആശുപത്രിയില്‍ കെട്ടിടങ്ങളുടെ അവസ്ഥയും രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡുകളുടെ അവസ്ഥയും ഗതികേടിലാണ്. പരിസരമാകെ കാടുപിടിച്ചു കിടക്കുന്നു.
1870-ല്‍ ആരംഭിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ അത്രയും തന്നെ പഴക്കം വരുന്ന ആശുപത്രിയെ അധികാരികള്‍ അവഗണിച്ച മട്ടാണ്. ആശുപത്രിയിലേക്കു ചെല്ലുമ്പോള്‍ കാണാനാകുന്നതു പരിസരമാകെ കാടുകയറി കിടക്കുന്നതാണ്. ശുചീകരണം അടുത്തെങ്ങും ഇവിടേക്ക് നടത്തിയിട്ടില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കാണാനാകും.
ആശുപത്രിയിലെ 4, 5, 6 വാര്‍ഡുകളിലേക്കു ചേര്‍ന്നുനില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍, ആശുപത്രി കോമ്പൗണ്ടില്‍ എന്‍ട്രന്‍സ് ഭാഗം വരെ എത്തിനില്‍ക്കുന്ന കാട്, പൊട്ടിപ്പൊളിയാറായ നിലയിലുള്ള ആശുപത്രിയുടെ പിന്‍ഭാഗത്തെ കെട്ടിടം, കുടിവെള്ള പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗംവരെ എത്തിനില്‍ക്കുന്ന കാട്ടുചെടികള്‍... ഇങ്ങനെ പോകുന്നു ഈ ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്ത് കെട്ടിടത്തിനു സമീപം ഇവര്‍ക്കു വസ്ത്രങ്ങള്‍ അലക്കി വിരിക്കാനുള്ള സംവിധാനങ്ങള്‍ വരെ ഇല്ലാതായിരിക്കുന്നു. കാട്ടിനിടയിലൂടെ നടന്നുവേണം ഇതു സാധിക്കാന്‍ എന്നതാണ് അവസ്ഥ.
രോഗികളുടെ വാര്‍ഡുകളിലേക്കു കയറിപ്പോകുന്ന ഭാഗത്തും അവരെ എതിരേല്ക്കുന്നത് രണ്ടുവശത്തും കാടുമൂടിക്കിടക്കുന്ന ഭാഗമാണ്. വാര്‍ഷിക അറ്റകുറ്റപ്പണിയും കാടുവെട്ടിത്തെളിക്കലും ഇവിടെ നടക്കാറില്ലന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കുമാരപുരം സ്വദേശിയായ ഒരു 75-കാരന് പറഞ്ഞു.
പാമ്പുകളുടെയും പെരുച്ചാഴികളുടെയും താവളമാണ് ഇവിടമെന്നും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതു ഭയപ്പെട്ടാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മഴ പെയ്യുന്ന സമയങ്ങളില്‍ പാമ്പ് ആശുപത്രിക്കുള്ളിലേക്ക് കയറിവരുമെന്ന ആശങ്കവരെ ഇവിടത്തെ രോഗികള്‍ക്കുണ്ട്. പെരുച്ചാഴി ശല്യവും എലികളുടെയും ശല്യവും വേറെയും. കൊതുകുശല്യം പെരുകിയ അവസ്ഥയിലാണ്.
ആരും പാതിപ്പെടാത്തതും ജനശ്രദ്ധയിലേക്ക് ഈ ആശുപത്രി എത്താത്തതുമാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളുടെ ദുരവസ്ഥയ്ക്കു കാരണം. ആശുപത്രിയുടെ ദുരവസ്ഥ കേട്ടറിയുന്നവര്‍ ഇവിടേക്ക് എത്താന്‍ മടിക്കുകയാണ്. ഇതു സര്‍ക്കാര്‍ ആശുപത്രിയുടെ പേരിന് കളങ്കവുമുണ്ടാക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നിരവധി രോഗികള്‍ക്ക് പ്രയോജനപ്പെടുന്നതിനുള്ള ഒരു ആശുപത്രിയാണ് ഇത്തരത്തില്‍ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്.
District News
നയ്യാർഡാം: നെയ്യാർ ഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. 15 പേർക്കു പരിക്കേറ്റു. ഡ്രൈവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. കാട്ടാക്കടയിൽനിന്നു നെയ്യാർ ഡാമിലേക്കുപോയ ഓർഡിനറി ബസും ഡാമിൽനിന്നു തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് ബസും തമ്മിലാണ് നെയ്യാർഡാം തുണ്ടുനടയിൽ കൂട്ടിയിടിച്ചത്.
ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായതെന്നു ദൃക്സാ ക്ഷികൾ പറയുന്നു. ഇതിൽ ഓർഡിനറി ബസിന്റെ ഡ്രൈവറായ വിജയകുമാർ എന്ന മണികുട്ടൻ ബസിന്റെ സ്റ്റിയറിംഗിൽ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണു വിജയകുമാറിനെ പുറത്തെടുക്കാൻ സാധിച്ചത്.
പരിക്കേറ്റവരെ മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ആരുടേയും പരിക്കു ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഞായറാഴ്ച ആയതിനാൽ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല.
അതിനാൽ തന്നെ വൻ അപകട ദുരന്തം ഒഴിവായി. വൻ ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്കു കമ്പിയിലും മറ്റും ഇടിച്ചാണ് പരിക്കേറ്റത്. രണ്ടു ബസുകളുടേയും കൂട്ടയിടയിൽ യാത്രക്കാർ പരിഭ്രാന്തരായി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. നാട്ടുകാർ വിവരം അറിയിച്ചതോടെ, ഇതിനിടെ കാട്ടാക്കട, നെയ്യാർഡാം എന്നിവിടങ്ങളിൽനിന്ന് ഫയർ ഫോഴ്സ് സംഘവും എത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്.
റോഡിൽ ട്രാഫിക്ക് സിസ്റ്റം ഇല്ല; അറിയിപ്പ് ബോർഡും
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലേയ്ക്കുള്ള പ്രധാന റോഡിണിത്. അടുത്തിടെ ഈ റോഡ് നവീകരിച്ചിരുന്നു. എന്നാൽ റോഡിൽ ട്രാഫിക്ക് സംവിധാ നം ഇല്ല. മാത്രമല്ല അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. വൻ വളവുകളും കയറ്റവും ഉള്ള റോഡാണിത്. എന്നാൽ ഈ ഭാഗത്ത് അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല. നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു സ്ഥിരമായി മാറുന്നു.
നെയ്യാർഡാം റോഡിന്റെ വശത്തുള്ളത് വൻ കുഴി
കാട്ടാക്കട : നെയ്യാർഡാം റോഡിന്റെ വശത്ത് വൻ കുഴിയുണ്ട്. ഇതിനു സമീപത്തുകൂടിയാണ് നെയ്യാർ നദി കടന്നുപോകുന്നത്. അപകടം നടന്ന സ്ഥലത്തു നിന്നും കുറച്ചകലെയാണ് റോഡിനു സമീപത്തെ വൻ കുഴിയുണ്ടായിരുന്നത്. ഇതിൽ പെട്ടിരുന്നുവെങ്കിലും വൻ ദുരന്തം സംവിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.
റോഡിൽ സംരക്ഷണ വേലി ഉൾപ്പടെ സ്ഥാപിക്കണമെന്നു പലവുരു നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ അതുണ്ടായില്ല. പൊതുമരാമത്ത് വകുപ്പും ഇറിഗേഷൻ വകുപ്പും തമ്മിലുള്ള ചേരിപ്പോരാണ് ഇതിനു പിന്നിലെന്നും അടിയന്തിരമായി സംരക്ഷണ വേലി സ്ഥാപിച്ചില്ലെങ്കിൽ വൻ സമരത്തിന് രൂപം നൽകുമെന്നു കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻന്റ് ശ്രീകുമാർ പറഞ്ഞു.
ഈ ഭാഗത്ത് ഇതിനകം തന്നെ നിരവധി അപകടങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ 20ളം അപകടങ്ങളാണ് നടന്നത്.
District News
തകരാര്‍ പരിഹരിക്കാതിരുന്നാൽ മടക്കം ചരക്കുവിമാനത്തില്‍
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നും 25 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്നെത്തും. ലോക്ഹീഡ് സി 130 ഹേര്ക്കുലിസ് എന്ന പടുകൂറ്റന്‍ വിമാനാവുമായാണ് സംഘം എത്തുക.
വിമാനം കേടുപാടുകള്‍ തീര്‍ത്തു തിരികെ പറത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ ചിറകുകള് ഇളക്കിമാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തുന്നത്. സംഘത്തില്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധരും ഉണ്ടാകുമെന്നാണ് സൂചന.
അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ബി യുദ്ധവിമാനം മോശം കാലാവസ്ഥയെതുടര്‍ന്ന് ആകാശത്ത് ഏറെ നേരം വട്ടമിട്ടുപറന്നതിനെത്തുടര്ന്ന് ഇന്ധനക്കുറവ് കാരണം ജൂണ്‍ 14ന് രാത്രി 9.30 ഓടുകൂടിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
തുടര്‍ന്ന് അടുത്ത ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു മടങ്ങി പോകാന്‍ കഴിഞ്ഞിരുന്നില്ല. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന ബ്രിട്ടന്റെതന്നെ യുദ്ധകപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നും ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും സംഘത്തിന് തകരാര്‍ കണ്ടെത്താനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ നീണ്ടുപോയതിനെത്തുടര്‍ന്നാണ് അന്താരാഷ്ടവിമാനത്താവളത്തില്നിന്നും വിമാനം ആഭ്യന്തര ടെര്‍മിനലിനോടു ചേര്‍ന്നുള്ള നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലേക്ക് എഫ്-35 വിമാനം മാറ്റിയത്.
District News
കലഞ്ഞൂർ: മോഡൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമും അടൂർ അനുഗ്രഹ ലഹരി വിമോചന കേന്ദ്രവും സംയുക്തമായി കലഞ്ഞൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പാവനാടകം നടത്തി.
വായനവഴി ജീവിത വിജയമാണ് ലഹരി എന്ന സന്ദേശമുയർത്തിയ പാവനാടകം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. പിടിഎ പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.സക്കീന ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ സജയൻ ഓമല്ലൂർ, അനുഗ്രഹ ഡയറക്ടർ റവ.അജി ചെറിയാൻ, പ്രഥമാധ്യാപകൻ ഫിലി്പ് ജോർജ്, സീനിയർ അധ്യാപിക കെ. പി. ബിനിത എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചയ്യപ്പന്റെ വിയോഗം; ആനത്താവളത്തിനു നഷ്ടം
കോന്നി: കുറുന്പ് കാട്ടിയും സഞ്ചാരികളോട് ഇടപഴകിയും പ്രിയങ്കരനായി മാറിയ കുട്ടിയാന കൊച്ചയ്യപ്പന്റെ പെട്ടെന്നുള്ള മരണം കോന്നി ആനത്താവളത്തിനു നഷ്ടമായി. അഞ്ച് വർഷം മുന്‍പ് കൊച്ചുകോയിക്കൽ വനമേഖലയിൽ കണ്ടെത്തിയ കുട്ടിയാനയെ വനംവകുപ്പ് ഏറ്റെടുത്ത് ആനത്താവളത്തിലെത്തിക്കുകയായിരുന്നു.
പരിചരണങ്ങൾ നൽകി ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കൊച്ചയ്യപ്പന്റെ കുറുന്പ് കേട്ടറിഞ്ഞ് നിരവധിയാളുകൾ കൊച്ചുകുട്ടികളുമായി ആനത്താവളത്തിലെത്തി ദൃശ്യങ്ങൾ പകർത്തി. ആനത്താവളത്തിലെ പുതിയ അതിഥിയെ സന്ദർശിക്കാനെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെയാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേരു നൽകിയത്.
ആനയ്ക്കു പ്രത്യേക അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. ഇന്നലെ രാവിലെ പാപ്പാൻ എത്തുന്പോഴാണ് ആന നിശ്ചലനായി കിടക്കുന്നതു കണ്ടത്. അപ്രതീക്ഷിതമായ അന്ത്യത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹെർപിസ് രോഗബാധയെന്ന്
ഹെർപിസ് രോഗബാധയെ തുടർന്നാണ് ആനക്കുട്ടി ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പതിവായുള്ള പ്രഭാത നടത്തം ഉൾപ്പെടെ ഉള്ള വ്യായാമങ്ങൾ കുട്ടിയാനയ്ക്കു ലഭിച്ചിരുന്നു.
കോന്നി വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. സിബി, കോട്ടൂർ ആനത്താവളത്തിലെ വെറ്ററിനറി ഓഫീസർ ഡോ. അരുൺ കുമാർ, പത്തനംതിട്ട വെറ്ററിനറി ഡോക്ടർ രാഹുൽ, ഡോ. ഷബീന തുടങ്ങിയവർ അടങ്ങിയ സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ജഡം കുമ്മണ്ണൂർ വനത്തിൽ മറവ് ചെയ്തു.
കെ. യു. ജനീഷ് കുമാർ എംഎൽഎ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അടക്കമുള്ളവർ സ്ഥലത്തെത്തി.
അന്വേഷണം നടത്തും
കോന്നി : ആനക്കൂട്ടിലെ കുട്ടിയാന അഞ്ചു വയസുകാരൻ കൊച്ചയ്യപ്പൻ ചരിഞ്ഞ സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് ഡിഎഫ്ഒ ആയുഷ്മാൻ കോറി. രാവിലെ പാപ്പാൻ എത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ കൊച്ചയ്യപ്പനെ കണ്ടത്. 2021ൽ ആങ്ങമൂഴി വനത്തിൽ നിന്നാണ് ആനക്കൂട്ടത്തിൽ നിന്നും തള്ളിയ നിലിൽ കൊച്ചയ്യപ്പനെ കണ്ടെത്തിയത്.
ആനയ്ക്കു ചില ആരോഗ്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും എന്നാൽ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ഡിഎഫ്ഒ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമായ ആനത്താവളത്തിൽ ആനകളെ കാണാനായി നിരവധിയാളുകളാണ് എത്തുന്നത്..
ആനകളെ പരിചരിക്കാൻ സ്ഥിരവും താത്കാലികവുമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുട്ടിയാന ചരിഞ്ഞതിനേ തുടർന്ന് ഇന്നലെ ആനത്താവളത്തിന് അവധി നൽകി.
ഓമല്ലൂരിന്റെ സ്വന്തം മണികണ്ഠനും വിടവാങ്ങി
ഓമല്ലൂർ: ഗജരത്നം ഓമല്ലൂർ മണികണ്ഠൻ ചരിഞ്ഞു. ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്ര വളപ്പിലാണ് ഇന്നലെ വൈകുന്നേരം 6.30ന് ആന ചരിഞ്ഞത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആനയെ ഓമല്ലൂർ ക്ഷേത്രത്തിലാണ് പരിപാലിച്ചു വന്നിരുന്നത്.
കഴിഞ്ഞ ഒരു മാസമായി ആനയ്ക്ക് എരണ്ട കെട്ടൽ രോഗം ബാധിച്ചിരുന്നു. ക്ഷേത്ര കോമ്പൗണ്ടിൽ തളച്ചിരുന്ന ആനയെ ദേവസ്വം ബോർഡിന്റെ വെറ്ററിനറി ഡോക്ടർ ബിനു ഗോപിനാഥ് പരിശോധന നടത്തുകയും എല്ലാ ദിവസവും ഡ്രിപ്പ് ഇടുകയും ചെയ്തിരുന്നു.
ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകണമെന്ന് നാട്ടുകാരും ആന പ്രേമി സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതിനേ തുടർന്ന് തൃശൂരിൽ നിന്നും എറണാകുളത്തു നിന്നും വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് ചികിത്സ നൽകിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ആനയുടെ സ്ഥിതി വളരെ മോശമായിരുന്നു. ഡോക്ടർ എത്തി മരുന്നു നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ ആന കൊമ്പുകുത്തി ക്രെയിൻ ഉപയോഗിച്ച് പൊക്കി നിർത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. അസുഖബാധിതനായതിനേ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഡ്രിപ്പ് മാത്രമാണ് നൽകിയിരുന്നത്.
തലയെടുപ്പിൽ മുന്പൻ
തൃശൂർ എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും ചലച്ചിത്രതാരം കെ.ആർ. വിജയ വിലയ്ക്കു വാങ്ങി ശബരിമല ക്ഷേത്രത്തിൽ നടയ്ക്കു വച്ച കുട്ടിയാനയാണ് മണികണ്ഠൻ എന്ന പേരിൽ പിൽക്കാലത്ത് ഗജരാജനായത്.
അന്നത്തെ ശബരിമല തന്ത്രിയാണ് ആനയ്ക്ക് മണികണ്ഠൻ എന്ന് നാമകരണം ചെയ്തത്. വർഷങ്ങളോളം ശബരിമല സന്നിധാനത്ത് തിടമ്പ് എടുത്തിരുന്നത് മണികണ്ഠനാണ്. കൂടാതെ ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം,
തൃപ്പാറമഹാദേവക്ഷേത്രം മലയാലപ്പുഴ ദേവി ക്ഷേത്രം, കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ സ്വർണ തിടമ്പ് ഉൾപ്പെടെ മധ്യതിരുവിതാംകൂറിലെ ദേവസ്വം ബോർഡിന്റെയും അല്ലാത്തതുമായ എല്ലാ പ്രസിദ്ധ ക്ഷേത്രങ്ങളിലും ഉത്സവ ആഘോഷങ്ങൾക്ക് മണികണ്ഠൻ അവിഭാജ്യ ഘടകമായിരുന്നു.
പത്തടി തലപ്പൊക്കവും 55 വയസുമുള്ള മണികണ്ഠൻ ലക്ഷണമൊത്ത ആനകളിൽ അഗ്രഗണ്യനായിരുന്നു.പെട്ടെന്നു പിണങ്ങുന്ന സ്വഭാവക്കാരനായിരുന്ന മണികണ്ഠൻ പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു.
പാപ്പാൻമാരോട് അത്രപെട്ടെന്ന് ഇണങ്ങുമായിരുന്നില്ല. എന്നാൽ ഓമല്ലൂരുകാരോടു പ്രത്യേക മമത ആനയ്ക്ക് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഓമല്ലൂർ വിട്ടുള്ള സ്ഥലങ്ങളിലാണ് ആന ഇടഞ്ഞിട്ടുള്ളത്. ആനയുടെ മരണ വിവരം അറിഞ്ഞ് അമ്മമാർ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങൾ ഇന്നലെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
ആനത്താവളത്തിൽ അവശേഷിക്കുന്നത് നാല് ആനകൾ മാത്രം
കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ ഇനിയും അവശേഷിക്കുന്നത് കോന്നി ആനത്താവളത്തിൽ നാല് ആനകൾ മാത്രം. പ്രിയദർശനി (42), മീന (34), ഈവ (23), കൃഷ്ണ (13) എന്നീ ആനകൾ മാത്രമാണ് കോന്നി ആനത്താവളത്തിൽ അവശേഷിക്കുന്നത്. 2015ൽ കുട്ടിയാനകളായ ലക്ഷ്മി 2020ൽ പിഞ്ചുവും അമ്മുവും മുതിർന്ന ആനകളായ മണിയനും 2024 ൽ കോടനാട് നീലകണ്ഠനും മണിയും കല്പനയും അടക്കമുള്ള കേരളം അറിയപ്പെടുന്ന ആനകളാണ് കോന്നി ആനത്താവളത്തിൽ ചരിഞ്ഞത്.
കോന്നി ആനത്താവളത്തിലെ ആനകൾ തുടർച്ചയായി ചരിയുന്ന സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു വർഷത്തിന് ഇടയിൽ മൂന്ന് ആനകൾ കോന്നി ആനത്താവളത്തിൽ ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന മണി എന്ന കൊമ്പനാന എരണ്ടകെട്ടിനേ തുടർന്നാണ് ചരിഞ്ഞത്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് കുട്ടിയാന പിഞ്ചു ചരിഞ്ഞത്. ജൂണിയർ സുരേന്ദ്രനും കല്പനയും കുട്ടിയായിരുന്നപ്പോൾ ചരിഞ്ഞു.
ഹെർപിസ് രോഗ ബാധയേ തുടർന്നാണ് ലക്ഷ്മി, അമ്മു എന്നീ കുട്ടിയാനകൾ ചരിഞ്ഞത്. മണി ചരിഞ്ഞത് സ്വാഭാവികം എന്ന് കരുതി എങ്കിലും കുട്ടിയാനകൾ തുടർച്ചയായി ചരിഞ്ഞത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടയിൽ പോലും സംശയമുള്ളവാക്കിയിരുന്നു.കേരളത്തിൽ മുത്തങ്ങ, കോട്ടൂർ,കോടനാട് എന്നിവടങ്ങളിൽ വനം വകുപ്പിന്റെ ആന ക്യാമ്പുകൾ ഉണ്ടെങ്കിലും കോന്നിയിൽ ഇത്രയധികം ആനകൾ ചരിഞ്ഞത് എന്നും സംശയത്തിന്റെ നിഴലിലാണ്.
District News
തിരുവല്ലം: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വിദേശിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ അനന്തുഭവനില്‍ അച്ചു എന്നുവിളിക്കുന്ന അഖിലേഷിനെ (22) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം പാച്ചല്ലൂര്‍ മുളയ്ക്കല്‍ ആറ്റരികത്തിനു സമീപം താമസിക്കുന്ന ബ്രിട്ടനില്‍ നിന്നുളള ഗായ്പെറി (64)ക്കാണ് പരിക്കേറ്റതെന്നു തിരുവല്ലം എസ്എച്ച്ഒ ജെ. പ്രദീപ് അറിയിച്ചു. വീടിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി വിദേശിയുടെ നേരെ ഓലമടല് എറിയുകയായിരുന്നു. മടല് മുതുകില്‍ പതിച്ചതിനെ തുടര്‍ന്ന് വിദേശിക്ക് പരിക്കേല്‍ക്കുകയുണ്ടായി. തുടര്‍ന്നു വെട്ടാന്‍ ഓടിച്ചുവെങ്കിലും അദ്ദേഹം വീട്ടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
രോഷം തീര്‍ക്കാന്‍ അഖിലേഷ് ഗേറ്റിൽ വാക്കത്തികൊണ്ടു വെട്ടി കേടുവരുത്തുകയും ചെയ്തു. പോലീസെത്തി അഖിലേഷിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. സ്ഥിരം ലഹരിക്കടിമയായ ഇയാൾ ഒഴിഞ്ഞ സ്ഥലങ്ങളിലെത്തി മദ്യപിക്കുക പതിവാണെന്നു പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ നിലവില്‍ മോഷണക്കേസുകളുള്ളതായി പോലീസ് അറിയിച്ചു. എസ്ഐമാരായ നൗഷാദ്, തങ്കമണി, വിനോദ്, സിപിഒ മാരായ ഷിജു, സജന്, അരുണ്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
പേയാട്: തിരുവനന്തപുരം ലയൺസ് ക്ലബ് 318 എ ഡിസ്ട്രിക്റ്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ലയൺസ് ക്ലബ് നടപ്പാക്കുന്ന സെബർ സുരക്ഷ, ഇ-മാലിന്യ സംസ്കരണവും പരിസ്ഥിതി പുനഃസ്ഥാപനവും, സ്വയം പ്രതിരോധം, ഭക്ഷണക്രമവും പോഷകാഹാരങ്ങളും തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
പെഗാസിസ് ക്ലബിന്റെയും റീജൺ 18 സോൺ എ യുടെയും നേതൃത്വത്തിൽ പേയാട് കണ്ണശ മിഷൻ സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ലയൺ സുമൻ ചന്ദ്ര അധ്യക്ഷത വഹിച്ചു.
കണ്ണശ മിഷൻ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജെയിൻ സി ജോബ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എൻജിനീയർ അനിൽകുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വി. ബിജു എന്നിവർ പങ്കെടുത്തു.
റിട്ടേർഡ് ഐപിഎസ് ഓഫീസർ ഗോപിനാഥ്, ഡോ. അനിത മോഹൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ പ്രൊജക്റ്റുകളുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരായ അജിത് ജി. നായർ, അഡ്വ. ഗോപിനാഥ്, ഡോ. അനിത മോഹൻ, ലയൺ സനിൽ കുമാർ, ലയൺ ആരിഫ്, കണ്ണശ സ്കൂൾ ഹെഡ്മിസ്ട്രെസ് റിൻസി സെബാസ്റ്റ്യൻ, സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ പങ്കെടുത്തു.
District News
പേരൂര്‍ക്കട: വന്യജീവി സംഘര്‍ഷങ്ങളില്‍ ആദിവാസികള്‍ കൂടുതലായി കൊല്ലപ്പെടുന്നതു സങ്കടകരമാണെന്നും വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. വഴുതക്കാട്ടെ വനം ആസ്ഥാനത്ത് നടന്ന ഗോത്രഭേരി സംസ്ഥാന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പു നടപ്പാക്കിവരുന്ന പത്തിന മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികള്‍ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്.
2024-25 കാലഘട്ടത്തില്‍ 67 പേര് വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചതില്‍ 34 പേര് പാമ്പുകടി മൂലവും 19 പേര് ആനയുടെ മുന്നില്‍ അകപ്പെട്ടുമാണ്. എന്നാല്‍ ആനയുടെ മുമ്പില്‍പ്പെട്ടു മരിച്ച 19 പേരില്‍ 13 പേര് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ഓരോ മരണവും വേദനാജനകമാണെങ്കിലും 2021-22 വര്‍ഷത്തില്‍ 113 പേര് കൊല്ലപ്പെട്ട സ്ഥാനത്താണ് ഇത്രയും കുറഞ്ഞ മരണ നിരക്ക് എന്നത് മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികളുടെ വിജയത്തെ കാണിക്കുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആദിവാസി സമൂഹത്തിന്റെക്കൂടി അറിവുകള്‍ ശേഖരിക്കുന്നതിനായാണ് ഗോത്രഭേരി എന്ന പേരില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുകഴേന്തി അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. എല്‍. ചന്ദ്രശേഖര്‍, ഡോ. ജെ. ജസ്റ്റിന് മോഹന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എസ്. കണ്ണന് വാര്യര്‍, കോവില്‍മല രാജാവ് രാമന് രാജമന്നാന്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
District News
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
District News
വിദ്യാർഥിയെയും മാതാവിനെയും ചെയർമാൻ ആക്രമിച്ചെന്ന് ആരോപണം
കാട്ടാക്കട: കണ്ടല കേരള അക്കാഡമി ഓഫ് ഫാർമസി കോളജിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ യുള്ളവരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംഘർഷം.
കോളജിലെ വിഷയങ്ങൾ സംസാരിക്കവേ ചെയർമാൻ വിദ്യാർഥിയുടെ മാതാവിന്റെ കൈപിടിച്ച് തിരിച്ചുന്നും വിദ്യാർഥിയെ ചവിട്ടുകയും ഷൂ എടുത്തെറിയാൻ തുനിഞ്ഞെന്നും ആരോപണം. കാട്ടാക്കട ഡിവൈഎസ്പി ഇരിക്കുന്ന വേദിയിൽ ആയിരുന്നു ചെയർമാന്റെ അതിക്രമം. ഇതോടെയാണ് സംഘർമുണ്ടായത്.
ഇതിനെ തുടർന്നു കോളജ് കാമ്പസിനു പുറത്തുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ കോളജിനുള്ളിലേക്ക് ഇരച്ചുകയറി. പി ന്നീട് പ്രവർത്തകരും പോലീസും തള്ളലും ഉണ്ടായി. ഇതിനിടെ വിദ്യാർഥിയും മാതാവും പോലീസിനു പരാതിയതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനമായി.
ചെയർമാനെ വിലങ്ങുവച്ചുതന്നെ കൊണ്ടുപോകണമെന്നും ആർഡി ഒ സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ ചെയർമാനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വാതിലിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വൈകുന്നേരത്തോടെ മൂന്നു വിദ്യാർഥിനികൾ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കി. വിദ്യാർഥികളും പോലീസുകാരും ഇവരെ അനൂനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ആർഡിഒ എത്തി പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ താഴേക്കു ചാടുമെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇതോടെ വീണ്ടും വലിയ സംഘർഷവസ്ഥയുയായി. തുടർന്നു കാട്ടാക്കട തഹസിൽദാർ ശ്രീകുമാർ സ്ഥലത്തെത്തി ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചെയർമാനുമായി സംസാരിച്ചു വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്നു പറഞ്ഞു.ഇതോടെ ചെയർമാൻ അയഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാമെന്നറിഞ്ഞതോടെ വിദ്യാർഥിനികൾ താഴെയിറങ്ങി. പ്രശ്നപരിഹാരം കാണുന്നതുവരെ കോളജ് അടച്ചിടാമെന്നു കോളജ് ചെയർമാൻ മുഹമ്മദ് ഷംസീർ ഡിവൈഎസ്പിക്ക് രേഖാമൂലം ഉറപ്പ് നൽകി. കോളജിനെതിരെയുള്ള പരാതികളെക്കുറിച്ചു വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണം നടത്തി പരിഹാരം കാണാമെന്നും തഹസിൽദാർ ശ്രീകുമാർ ചർച്ചയ്ക്കുശേഷം വിദ്യാർഥികൾക്ക് ഉറപ്പു നൽകി.ശേഷം ചെയർമാനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഏഴര മണിയോടെ പ്രതിഷേധങ്ങൾ അവസാനിച്ചു.
ബുധനാഴ്ച ഉച്ചയോടെ യാണു യോഗം ആരംഭിച്ചത്.യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള ഫീസിനു പുറമെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളിൽനിന്ന് അധിക തുക നൽകാൻ ആവശ്യപ്പെടുന്നുവെന്നാരോപിച്ചു ഇക്കഴിഞ്ഞ ദിവസം കോളജ് മാനേജരെ വിദ്യാർത്ഥികൾ ഗേറ്റിൽ തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി റാഫിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ബുധനാഴ്ച പ്രശ്ന പരിഹാരത്തിന് യോഗം ചേരാൻ തീരുമാനിച്ചത്. ഈ യോഗത്തിനിടെയാണ് ചെയർമാൻ രക്ഷിതാവിനെയും ഇവരുടെ മകനെയും കൈയേറ്റം ചെയ്തതും തുടർന്നുള്ള സംഭവ വികാസങ്ങൾ ഉണ്ടായതും.
District News
പേരൂര്‍ക്കട: വൈദ്യുതി വിതരണം നിലച്ചതോടെ പേരൂര്‍ക്കട വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ നിന്നുള്ള കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങി. വ്യാഴാഴ്ച രാത്രി ഒന്‍പതു മുതലാണ് വൈദ്യുതി വിതരണം തടപ്പെട്ടതോടെ കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനം തടസപ്പെട്ടത്.
സെക്ഷന്‍ പരിധിയില്‍നിന്നു ജലവിതരണം നടത്തുന്ന കുടപ്പനക്കുന്ന്, പൂമല്ലിയൂര്‍ക്കോണം, എന്‍സിസി റോഡ്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ഇരപ്പുകുഴി, കല്ലയം, മുക്കോലയ്ക്കല്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലവിതരണം സാധാരണനിലയിലായത്. വൈദ്യുതി വിതരണത്തിലെ തടസമാണ് പമ്പിംഗ് മുടങ്ങി കുടിവെള്ളവിതരണം നിലച്ചതിനു കാരണമെന്നു സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി.
District News
പേരൂര്‍ക്കട: മരുതൂര്‍ കൊലപാതകത്തിലെ പ്രതികളെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പോത്തന്‍കോട് സ്വദേശി ഷംഷാദ് ഷഫീഖ്, ചെമ്പഴന്തി സ്വദേശി വിശാഖ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ഇന്നു വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് എത്തിക്കും. വെള്ളിയാഴ്ച പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നു പറഞ്ഞിരുന്നുവെങ്കിലും കസ്റ്റഡിയില്‍ വാങ്ങാന്‍ വൈകിയതാണ് തെളിവെടുപ്പ് ഇന്നത്തേക്കു മാറ്റാന്‍ കാരണം.
ജൂണ്‍ 21ന് മരുതൂരിലെ ഒരു ഹോം സ്റ്റേയില്‍ ഷഹീന എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ സഹോദരന് ഷംഷാദും സുഹൃത്ത് വിശാഖും പോലീസിന്റെ പിടിയിലായത്. ഷംഷാദ് യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
District News
വിതുര: തൊളിക്കോട് ജംഗ്ഷനിൽ ടോറസ് ലോറി അപകടത്തി ൽപ്പെട്ടു. അപകടത്തിൽ ഡ്രൈവർ രാഹുലിന് പരിക്കേറ്റു. അപകടത്തെ തുടർന്നു റോഡിലേക്ക് ഓയിൽ ഒഴുകിയതുമൂലം ഗതാഗതം തടസപ്പെട്ടു. ഉടൻ തന്നെ വിതുര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഓയിൽ നീക്കം ചെയ്യാൻ ആരംഭിച്ചു.
ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ,പ ്രതാപൻ, ഷെമി ഷംനാദ്,സന്ധ്യ പൊതുപ്രവർത്തകരായ തൊളിക്കോട് ഷംനാദ്, നൈ സാം, ഷാനവാസ്, ഷാനി തുടങ്ങിയവർ റോഡ് ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നു.
District News
നെയ്യാറ്റിൻകര : നഗരസഭ പരിധിയിലെ 22 പൊതു റോഡുകൾക്കായി മൂന്നുകോടി രൂപ പ്ലാൻ ഫണ്ടിൽ വകയിരുത്തി. രണ്ടു മാസങ്ങള്‍ക്കകം റോഡുകളുടെ നവീകരണം പൂർത്തീകരിക്കുമെന്നു നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ അറിയിച്ചു.
ഇളവനിക്കര വാർഡിലെ ഈരാറ്റിൻപുറം- കുളമാംകുഴി റോഡ്, മാമ്പഴക്കര, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിക്കുന്ന മേലെകോണം കരിപ്രകോണം റോഡ്, അമരവിള ഓട് കമ്പനി -വ്ളാങ്ങാമുറി റോഡ്, രാമേശ്വരം, കൃഷ്ണപുരം വാർഡുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള മൊഴിമാംതോട്ടം- തോട്ടവാരം റോഡ്, തൊഴുക്കൽ,
വഴുതൂർ വാർഡുകൾ ബന്ധിപ്പിക്കുന്ന വഴുതൂർ- ജയിൽ- ഇലങ്കം റോഡ്, കൂട്ടപ്പന വാർഡിലെ നെയ്യാറ്റിൻകര ജെബിഎസ് റോഡ്, ആറാലുംമൂട്, പുത്തനമ്പലം വാർഡുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള പൂജാനഗർ റോഡ്, മുള്ളറവിള, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിക്കുന്ന കുഞ്ചുകുളങ്ങര- പഴവിള - ഭഗവതിപുരം- അരുവിപ്പുറം കുരിശടിമുക്ക് റോഡ്, കവളാകുളം, അത്താഴമംഗലം വാർഡുകൾ ബന്ധിപ്പിക്കുന്ന എസ്. എസ് സ്റ്റോഴ്സ് -രഞ്ജിനി ക്ലബ്ബ് റോഡ്, വിശ്വഭാരതി -പാലക്കടവ് റോഡ്, ഫോർട്ട് വാർഡിൽ കണ്ടൽ റോഡ്,
മൂന്നുകല്ലിൻമൂട് വാർഡിൽ വേട്ടക്കുളം -പനയത്തേരിറോഡ്, ഉള്ളിരിപ്പുവിള റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, ചുണ്ടവിള വാർഡിൽ ഓലത്താന്നി -നുള്ളിയോട് -പേഴുവിള - ഈന്തിവിള റോഡ്, ഇളവനിക്കര, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിച്ചു കൊണ്ടുള്ള കരിപ്രകോണം -ചെങ്കല്ലൂർ റോഡ്,
കുളത്താമൽ വാർഡിൽ നെടിയകാല -ചെമ്മണ്ണുവിള റോഡ്, നാരായണപുരം വാർഡിൽ തട്ടാരക്കുളം റോഡ്, കണ്ണംകുഴി -ചെമ്മണ്ണുവിള റോഡ്, അമരവിള വാർഡിൽ അമരവിള -തൃക്കണ്ണാപുരം റോഡ്, പുത്തനമ്പലം വാർഡിൽ പകൽവീട് - മൂലച്ചൽകോണം റോഡ്, ഊരുട്ടുകാല വാർഡിൽ പനയറത്തല -കോണത്ത് റോഡ് എന്നീ 19 പ്രധാന റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
അത്താഴമംഗലം വാർഡിൽ പനങ്ങാട്ടുകരി - ഐക്കരവിള അങ്കണവാടി റോഡ്, ടൗൺ വാർഡിൽ ടൗൺഹാൾ -ആനക്കാൽവിള റോഡ്, ഇരുമ്പിൽ, തവരവിള വാർഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തവരവിള രാമേശ്വരം എന്നീ മൂന്നു റോഡുകൾ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
District News
വെള്ളറട: വെള്ളറടയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവര്‍ന്നു.ദേവിപുരം സ്വദേശി തങ്കമ്മപിള്ള (62) യുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മോഷ്ടാവ് അടുക്കളയില്‍ നില്‍ക്കുകയായിരുന്നു തങ്കമ്മയുടെ മുടി കുത്തിപ്പിടിച്ച ശേഷം മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തായിരുന്നു സംഭവം. തങ്കമ്മയുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. മുഖവും തലയും മറച്ച് റെയിന്‍ കോട്ട് ധരിച്ചായിരുന്നു മോഷ്ടാവ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. പിടിവലിയില്‍ കഴുത്തിനു പരിക്കേറ്റു.
തങ്കമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കേസെടുത്ത വെള്ളറട പോലീസ് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പേരൂര്‍ക്കട: സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയവര്‍ പിടിയില്‍. വലിയവിള ചെറിയകൊണ്ണി സ്വദേശി അനില്‍ബാബു, കൂട്ടുപ്രതി പേരൂര്‍ക്കട മുക്കോലയ്ക്കല്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് പിടിയിലായത്. അണ്ടര്‍ സെക്രട്ടറിയാണെന്നു ധരിപ്പിച്ചു പലരില്‍ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബരജീവിതം നയിച്ചുവരികയായിരുന്നു. ഫോര്‍ട്ട് സിഐ ശിവകുമാര്‍, എസ്ഐമാരായ വിനോദ്, ശ്രീകുമാര്‍, സുരേഷ്, എസ്സിപിഒ ശ്രീജിത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കന്റോൺമെന്റ് പോലീസ് കാപ്പ ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി. തമ്പാനൂർ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 491-ൽ കുളിക്കാത്ത അപ്പു എന്ന് വിളിക്കുന്ന അഭിറാം (21) ആണ് പിടിയിലായത്.
കുറച്ചുനാൾമുമ്പ് രാജാജി നഗർ സ്വദേശിയായ ഒരു യുവാവിനെ വധിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. പക്ഷേ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
കന്റോൺമെന്റ് എ.സി സ്റ്റ്യുവർട്ട് കീലറിന്റെ നിർദേശപ്രകാരം സിഐ പ്രജീഷ് ശശി എസ്ഐമാരായ ജിജു കുമാർ, ഗ്രീഷ്മ, ആന്റി നർക്കോട്ടിക് ടീം എസ്ഐ മിഥുൻ, പോലീസുകാരായ സുജീഷ്, സുബി എന്നിവർ ചേർന്ന് കോയമ്പത്തൂരിനു സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
District News
നെടുമങ്ങാട് : കരകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കെൽട്രോൺ ജംഗ്ഷനിൽ നടന്ന അനുസ്മരണവു പുഷ്പാർച്ചനയും മണ്ഡലം പ്രസിഡന്റ് കരകുളം അജിത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സുകുമാരൻ നായർ, ഡിസിസി അംഗം എസ്. രാജേന്ദ്രൻ നായർ, കരകുളം ആർ. സുശീന്ദ്രൻ, കെ. രാജേന്ദ്രൻ, കെ. വിജയകുമാർ, ടി. ശശിധരൻ, ബാഹുലേയൻ നായർ, കായ്പാടി നൗഷാദ്, മുരളീധരൻ നായർ, ആർ. ബ്രിജേഷ്, സി. സുകുമാരനാശാരി തുടങ്ങിയവർ പങ്കെടുത്തു.
മുല്ലശേരി ജംഗ്ഷനിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സുകുമാരൻ നായർ ഉദ് ഘാടനം ചെയ്തു. എസ്. രാജേന്ദ്രൻ നായർ, കെ.അനിൽകുമാർ, എൻ. വേണുഗോപാലൻ നായർ, സി. ശിവപ്രസാദ്, ആർ. രാജേഷ്, വി. വിജയകുമാരൻ നായർ, സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ ബൂത്ത് പ്രസിഡന്റ് കെ. വിജയകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. രാജേന്ദ്രൻ, സി. ശശിധരൻ, എസ്. ശ്യാംകുമാർ രാധാകൃഷ്ണൻ, അജിത് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാധിരാജപുരത്ത് ബൂത്ത് പ്രസിഡന്റ് എസ് അതുൽ, എൻ.അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്ര പരിസരത്തു മദ്യപിച്ചു ലക്കു കെട്ടുനിന്ന മോഷ്ടാവിനെ പൂജാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. പോത്തൻകോട് കണിയാപുരം സ്വദേശി ഷെബിൻ (45)ആണ് പിടിയിലായത്.
നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. കാട്ടാക്കട പൊട്ടൻങ്കാവ് ധർമശാസ്താ ക്ഷേത്രം, എതിർവശത്തെ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണു മോഷണം നടന്നത്. ക്ഷേത്ര മുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിച്ചുവരുന്നു.രണ്ടിടങ്ങളിലും ഗേറ്റിലെ പൂട്ടു തകർത്താണ് കള്ളൻ അകത്തു കടന്നത്.
ധർമശാസ്താക്ഷേത്രത്തി ൽ ഗേറ്റും നാലമ്പല വാതിലിലെ പൂട്ടും തകർത്തു. ശാസ്താവ്, ഗണപതി ശ്രീകോവിലൂകളൂടെ പൂട്ടും ഓഫീസിലെയും തിടപള്ളിയിലെയും ഓഫീസിലെയും പൂട്ടുകൾ പൊട്ടിച്ചിത്. ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 4.45ഓടെ പോറ്റി എത്തിയപ്പോളാണ് അകത്തു ആളെക്കണ്ടത്.
തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശാസ്താ ക്ഷേത്ര പരിസരത്ത് ഇരുന്നു മദ്യപിച്ച ശേഷമായിരുന്നു മോഷണം. മദ്യക്കുപ്പി പരിസരത്ത് കിടന്നിരുന്നു. പിടികൂടുമ്പോൾ ഇയാശ്് മദ്യ ലഹരിയിലും ആയിരുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ സിസിടിവിയിൽ ഇയാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
District News
വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ എംഎസ്സി ഗുൽസൺ വിഴിഞ്ഞം തുറമുഖത്തടുത്തു. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ച് എംഎസ്സി നടത്തുന്ന ജാഡ് സർവീ സിന്റെ ഭാഗമായാണ് കപ്പൽ ഭീമന്റെ വരവ്.
സിംഗപ്പൂരിൽനിന്നു സ്പെയിനിലെ വലൻസിയയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാവിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വാർഫിൽ നങ്കൂരമിട്ടു. 399.9 മീറ്റർ നീളവും 62 മീറ്റർ വീതിയും 16.6 മീറ്റർ ആഴവുമുള്ള മദർഷിപ്പായി ഗുൽസണ്‍ 23,756 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. മൂവായിരത്തോളം കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഇന്നു വൈകുന്നേരത്തോടെ കപ്പൽ തീരം വിടും.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് ആഴ്ചയിൽ രണ്ട് എന്ന തരത്തിൽ എംഎസ്സി വിഴിഞ്ഞത്തുനിന്ന് ജാഡ് സർവീസിന് തുടക്കം കുറിച്ചത്. സർവീസ് വിജയകരമായി തുടരുന്നതിനിടയിലാണു ഗുൽസന്റെ വരവ്. ഐറീന വിഭാഗത്തിൽപ്പെട്ട ചർക്ക് കപ്പലുകൾ കടലിൽ ഇറങ്ങുന്നതിനു മുൻപ് ലോകത്തെ ഒന്നാം നമ്പർ എന്ന പദവിയിലായിരു ഗുൽസൺ.
വിഴിഞ്ഞം തുറമുഖം ട്രയൽ റൺ തുടങ്ങിയശേഷം ഇതുവരെ 363 കണ്ടെയ്നർ കപ്പലുകൾ വിഴിഞ്ഞത്തു വന്നു മടങ്ങി. 7.78 ലക്ഷം കണ്ടെയ്നറുകൾ വിജയകരമായി കൈകാര്യം ചെയ്യാനും വിഴിഞ്ഞം അധികൃതർക്കായി.
District News
പേരൂര്‍ക്കട: യുവതിയുടെ മരണവിവരമറിഞ്ഞ് മരുതൂരിലെ ഹോംസ്റ്റേയില്‍ പോലീസ് എത്തുമ്പോള്‍ കാണുന്നത് ഷൂവിന്റെ ലേസ് കെട്ടുന്ന ഷംഷാദിനെയും മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്ത് വിശാഖിനെയും..!
ഷഹീനയ്ക്കെന്തുപറ്റിയെന്ന ചോദ്യത്തിനു ഭര്‍ത്താവ് മര്‍ദിച്ചതാണെന്നും അയാള്‍ ഭരണിക്കാവിലാണെന്നുമായിരുന്നു സഹോദരന് പറഞ്ഞത്. എന്നാല്‍ ശനിയാഴ്ചയും വെള്ളിയാഴ്ചയും ഭര്‍ത്താവ് വന്നില്ലെന്നും മദ്യലഹരിയില്‍ ഷംഷാദ് പറഞ്ഞു.! ഹാളിനുള്ളില്‍ രണ്ടു മദ്യക്കുപ്പികളും ഗ്ലാസുകളും മിനറല്‍ വാട്ടര്‍ കുപ്പികളും കണ്ടെത്തി. ടിവി ഓണ്‍ചെയ്ത നിലയിലായിരുന്നു.
ബെഡ്റൂമിനുള്ളില്‍ തറയിലാണ് ഷഹീനയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് അകം കൈകളിലും നീലിച്ച അടയാളങ്ങളുണ്ടായിരുന്നു. മുഖമാകെ ചുവന്നു കരുവാളിച്ച നിലയിലുമായിരുന്നു. രണ്ടു കാലുകളിലും കാല്പ്പത്തിക്കടുത്തായും അടയാളങ്ങള്‍ കണ്ടെത്തി. മാരകമായ ഇടിയും അടിയുമേറ്റ് അസ്ഥാനത്ത് മര്‍ദനമേറ്റു ഷഹീന മരണപ്പെട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷംഷാദും വിശാഖും പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നത്.
ഷഹീന മരിച്ചിട്ടില്ലെന്നും ബോധക്കേട് അഭിനയിച്ചു കിടക്കുന്നതാണെന്നുമായിരുന്നു ഷംഷാദ് മദ്യലഹരിയില്‍ പോലീസിനോടു പറഞ്ഞത്. ഷംഷാദിന്റെ വലത്തേക്കണ്ണ് കൃത്രിമമാണ്. ഇയാളുടെ പല്ലുകളുടെ ചികിത്സാര്‍ഥമാണ് സഹോദരിക്കൊപ്പം മരുതൂരിലെ ഹോംസ്റ്റേഡിയില് മുറിയെടുത്തത്.
വട്ടപ്പാറയിലെ ഒരു സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ഷംഷാദിനെതിരേ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറിക്കേസുകളുണ്ട്. വിശാഖിനെതിരേ പോത്തന്‍കോട്, കഴക്കൂട്ടം സ്റ്റേഷനുകളില്‍ ആക്രമണക്കേസുകളുള്ളതായി മണ്ണന്തല എസ്ഐ ആര്.എസ് വിപിന്‍ പറഞ്ഞു.
വെള്ളിയാഴ്ച വഴക്കുണ്ടായി; വിശാഖിനെ വരുത്തിയതു മൃതദേഹം മറവുചെയ്യാനെന്നു സംശയം
പേരൂര്‍ക്കട: മണ്ണന്തല മരുതൂരില്‍ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് ഷംഷാദ് തന്റെ സുഹൃത്തായ ചെമ്പഴന്തി സ്വദേശി വിശാഖിനെ വിളിച്ചുവരുത്തിയതു മൃതദേഹം മറവുചെയ്യാനാണെന്നു സംശയം.
സംഭവദിവസം ഉച്ചയ്ക്ക് ര ണ്ടോടുകൂടിയാണു വിശാഖിനെ വിളിച്ചുവരുത്തുന്നത്. മരുതൂരിലെ ഹോംസ്റ്റേയില്‍ എത്തിയപ്പോഴാണു സംഗതി പന്തികേടാണെന്നു വിശാഖിനു മനസിലായത്. വിശാഖ് വീട്ടിലെത്തുമ്പോള്‍ ഷംഷാദ് മദ്യലഹരിയിലായിരുന്നു. സഹോദരിയായ ഷഹീന ബെഡ്റൂമില്‍ മരിച്ചുകിടക്കുകയാണെന്നു ഷംഷാദ് സുഹൃത്തിനെ അറിയിച്ചു. പരസ്പരം മദ്യപിച്ചശേഷം വിശാഖ് വീണ്ടും പുറത്തേക്കുപോയി.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കീ ഡ്യൂപ്ലിക്കേറ്റിംഗിന് കൊടുത്തിരുന്നുവെന്നും അതു വാങ്ങാന്‍ വഞ്ചിയൂരിലേക്ക് പോയതാണെന്നും വിശാഖ് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ ഇയാള്‍ വീണ്ടും മരുതൂരിലെ ഹോം സ്റ്റേയില്‍ എത്തി. അപ്പോഴാണ് കൊല്ലപ്പെട്ട ഷഹീനയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയതായി അറിയുന്നത്. പിന്നീട് ഇവിടെനിന്നു രക്ഷപ്പെടാനും സാധിച്ചില്ല. അതിനിടെ മാതാപിതാക്കള്‍ അറിയിച്ച് 108 ആംബുലന്‍സ് എത്തുകയും അവര്‍ നടത്തിയ പരിശോധനയില്‍ ഷഹീന മരണപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
ഷഹീനയും സഹോദരനും ജൂണ്‍ 14നാണ് മരുതൂരിലെ ഹോംസ്റ്റേയില്‍ ഒന്നാം നിലയില്‍ മുറി വാടകയ്ക്കെടുക്കുന്നത്. ഷംഷാദിന്റെ ദന്തല്‍ ചികിത്സാര്‍ഥമാണ് ഇതെന്നാണു സൂചന. കൊലപാതകം നടക്കുന്നതു ശനിയാഴ്ച ഉച്ചയോടെയാണെങ്കിലും വെള്ളിയാഴ്ച രാത്രി ഷഹീന വീട്ടില്‍ വിളിക്കുകയും സഹോദരന് വഴക്കുണ്ടാക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അതിലുള്ള ആശങ്കമൂലമാണ് മാതാപിതാക്കള്‍ ശനിയാഴ്ച മകളെ കാണാന്‍ എത്തുന്നതും ഒടുവില്‍ ബെഡ്റൂമില്‍ ബോധമില്ലാത്ത നിലയില്‍ ഷഹീനയെ കണ്ടെത്തുന്നതും. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷംഷാദ് കാര്യമായി ഒന്നും പറഞ്ഞില്ല. വിശാഖിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. കൂട്ടുപ്രതിയാക്കപ്പെട്ട ഇയാളുടെ അറസ്റ്റ് പോലീസ് ഞായറാഴ്ച രേഖപ്പെടുത്തി.
ഷഹീനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
മെഡിക്കൽ കോളജ്: സഹോദരൻ ക്രൂരമായി കൊലപ്പെടുത്തിയ പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ മുഹമ്മദ് ഷഫീഖ്-സലീന ദമ്പതികളുടെ മകൾ ഷഹീനയുടെ (32) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മേൽ നടപടികൾ പൂർത്തീകരിച്ച ശേഷം ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയത്. ആംബുലൻസിൽ മൃതദേഹം കൊല്ലത്തേക്കാണു കൊണ്ടുപോയത്.
സഹോദരൻ ഷംഷാദിന്റെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റാണ് ഷഹീന മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കട്ടിലിൽനിന്നു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ ഇടിയുടെയും അടിയുടെയും അടയാളങ്ങളും നീലിച്ച പാടുകളും കണ്ടെത്തിയിരുന്നു. മരുതൂരിൽ ഇസാഫ് ബാങ്കിനു പിറകുവശത്തായി അത്രക്കാട്ട് എൻക്ലേവ് എന്ന ഹോം സ്റ്റേയിലാണ് സഹോദരനോടൊപ്പം യുവതി താമസിച്ചുവന്നിരുന്നത്.
ഒന്നാംനിലയിൽ രണ്ട് ബി റൂമിലായിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ഷംഷാദിന്റെ ചികിത്സാർഥമാണ് ഇവർ താമസിച്ചുവന്നിരുന്നത്.
District News
നെടുമങ്ങാട്: ആനാട് ഗ്രാമ പഞ്ചായത്തിൽ വയോ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള സഹായ ഉപകരണങ്ങൾ മൂന്ന് മാസമായി പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതായി ആക്ഷേപം.
രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ സാധനങ്ങൾ അടിയന്തരമായി പാവങ്ങളായ വയോജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് യു ഡി എഫ് ആനാട് പഞ്ചായത്ത് കമ്മിറ്റി ചെർമാൻ ആർ.അജയകുമാർ ആവശ്യപ്പെട്ടു.
നടപടി ഉണ്ടായില്ലെങ്കിൽ വയോജനങ്ങളെ ഉൾപ്പെടുത്തി സമരപരിപാടികൾ ആരംഭിക്കുമെന്നും അജയകുമാർ പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യത്തിനുള്ള സാധനസാമഗ്രികളുടെ വില്‍പ്പനകേന്ദ്രമായ `മുത്ത്` ഓണസ്റ്റി ഷോപ്പില്‍ വ്യാപാരികളോ കാഷ്യറോ ഇല്ല. ഹെഡ്മാസ്റ്ററുടെ മുറിക്കു മുന്നിലെ ഇടനാഴിയില്‍ ഉത്തരപ്പെട്ടി. വിവിധയിനം വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും സാന്നിധ്യത്തില്‍ പ്രശാന്ത സുന്ദരമായ വിദ്യാലയം.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയില്‍ ബാലരാമപുരം ഉപജില്ലയിലെ ചുണ്ടവിളാകം ഗവ. എല്‍പി സ്കൂളിലെ വിശേഷങ്ങള്‍ വിദ്യാര്‍ഥികളുടെ മൂല്യബോധവും സര്‍ഗശേഷിയും സഹജീവി മനോഭാവവും പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ളതാണ്. വായനയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന വിദ്യാലയം എന്നതാണ് മറ്റൊരു സവിശേഷത.
ഇടനാഴിയില്‍ തന്നെയാണ് ഓണസ്റ്റി ഷോപ്പും ബാലമാസികകളുടെ പ്രദര്ശനക്കൂടും. അതിയന്നൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വിദ്യാലയത്തില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്കു പുറമേ പ്രീ- പ്രൈമറിയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂള്‍ പരിസരം തന്നെ പാഠപുസ്തകമാക്കി മാറ്റാനുള്ള പരിശ്രമത്തില്‍ ഏറെ മുന്നേറിയിട്ടുള്ള ജനായത്ത വിദ്യാലയം എന്ന ബഹുമതിയും നൂറു വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂളിന് സ്വന്തം.
പരിസ്ഥിതി സൗഹൃദ ഓപ്പൺ വായനാ സംവിധാനങ്ങൾ മുതലായ ഘടകങ്ങള്‍ സന്പന്നമാക്കുന്ന `കായാമ്പൂ` ജൈവ വൈവിധ്യ ഉദ്യാനം, `എന്തും വായിക്കും എപ്പോഴും വായിക്കും` എന്ന സന്ദേശത്തോടെയുള്ള പുസ്തകവണ്ടി എന്നിങ്ങനെ നീളുന്നു ചുണ്ടവിളാകത്തെ കാഴ്ചകള്‍.
ഇവിടുത്തെ മുന്‍ പ്രഥമാധ്യാപകനും സ്കൂളില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി.വി പ്രേംജിത്തിന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനത്തിന് ആതിഥേയത്വം വഹിക്കുന്നതും ചുണ്ടവിളാകത്തെ പൊതുവിദ്യാലയമാണ്. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥികളാണ് `ചുണ്ടവിളാകത്തെ വിശേഷങ്ങള്‍` എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്.
District News
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്കു നേരെ എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കമെന്ന് ആവശ്യപ്പെട്ടാണു വഴുതക്കാടു വച്ചു മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്.
എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ കാറിനുനേരരെ ചാടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി.
District News
കാട്ടാക്കട: വാൾ ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ ഭീഷണി പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി. അയൽവാസിയുടെ പരാതിയിൽ നിരവധി കേസിലെ പ്രതിയായ ആൾക്കെതിരേ പോലീസ് കേസെടുത്തു. വാളും കമ്പും എടുത്തു വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു.
പ്രതി ഒളിവിലാണ്. 18ന് രാത്രി 9.30 ഒടെയാണ് പ്രതി നാട്ടുകാരെ വാൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവം നടന്നത്. കടയിൽ സാധനം വാങ്ങിക്കാൻ പോയ കിള്ളിതയ്ക്കവിളയിൽ സബീന മൻസിലിൽ സിയാദ് (26) നെയാണ് സമീപത്ത് വാടകക്ക് താമസിക്കുന്നത് വള്ളക്കടവ് സ്വദേശി റാഹീസ് ഖാൻ ഭീഷണിപ്പെടുത്തി ആക്രമിച്ചത്. തന്നെ നോക്കി എന്നാരോപിച്ചായിരുന്നു ഭീഷണി.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ നേരെയും ഇയാള്‍ വാൾ കാട്ടി ആക്രോശിച്ചു. സംഭവം രൂക്ഷമായതോടെ ഇയാളുടെ വീട്ടുകാരും പുറത്തിറങ്ങി ഇയാളെ പിടിച്ചു വീട്ടിൽ കയറ്റാൻ ശ്രമിച്ചു എങ്കിലും നടന്നില്ല.
യഥാസമയം പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാത്തതും വീട് പരിശോധിക്കാതെ മടങ്ങി പോയിതും പ്രതിഷേധത്തിനിയയാക്കി. പിന്നീട് വീട്ടിൽ പരിശോധന നടത്തിയാണ് ആയുധങ്ങൾ കണ്ടെടുത്തത്.
District News
പേരൂര്‍ക്കട: നഗരത്തിലെ ജലവിതരണ സംവിധാനത്തെ തുലാസിലാക്കി പുതിയ പൈപ്പിന്റെ പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്താത്തതു തിരിച്ചടിയാകുന്നു. വെള്ളയമ്പലം ഒബ്സര്വേറ്ററിയില്നിന്ന് നഗരത്തിലെ പ്രധാന പോയിന്റുകളിലേക്ക് ജലം വിതരണം ചെയ്യുന്ന 315 എം.എം എച്ച്ഡിപിഇ (ഹൈ ഡെന്‍സിറ്റി പോളിമര്‍ പൈപ്പ്) മാറ്റി സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്.
പഴയ പൈപ്പ് കാലപ്പഴക്കം ചെന്നതുകാരണം നന്ദാവനം, ബേക്കറി ജംഗ്ഷന് എന്നിവിടങ്ങളില്‍ അടുത്തിടെ പൊട്ടിക്കഴിഞ്ഞു. ഒരുമീറ്റര്‍ ആഴത്തിലാണ് പൈപ്പ് കടന്നുപോകുന്നത്. തിരുവനന്തപുരം ജില്ലയുടെ സുപ്രധാന കേന്ദ്രങ്ങളായ സെക്രട്ടേറിയറ്റ്, സ്റ്റാച്യു, ആയുര്‍വേദ കോളജ്, വാന്റോസ് ജംഗ്ഷന്, പ്രസ് റോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നത് ഈ പൈപ്പുവഴിയാണ്.
സെക്രട്ടേറിയറ്റിലേക്കു വെള്ളം നല്‍കുന്നതിന് ഈയൊരു പൈപ്പ് മാത്രമാണ് ആശ്രയമായിട്ടുള്ളത്. പുതിയ 350 എംഎം ഡിഐ (ഡക്റ്റൈല്‍ അയണ്‍) പൈപ്പാണ് ഇനി സ്ഥാപിക്കേണ്ടുന്നത്. ഇതിനുള്ള കരാര്‍ ഏറ്റെടുക്കാനാണ് ആളില്ലാത്തത്.
കിഫ്ബിയുടെ അഞ്ചുകോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മൂന്നു കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ സാധിക്കൂ. തിരുവനന്തപുരത്തെ പ്രോജക്ട് ഓഫീസിനാണ് ഇതിന്റെ ചുമതല. കിഫ്ബിയുടെ പേപ്പര്‍ വര്ക്കുകളിലുണ്ടാകുന്ന നൂലാമാലകള്‍ കാരണം കരാറുകാര്‍ക്ക് കൃത്യസമയത്ത് ബില്‍ മാറിക്കിട്ടാത്തത് കരാറുകാരെ കിട്ടാത്തതിനു കാരണമാകുന്നുണ്ടെന്നാണു സൂചന.
അടുത്തിടെ രണ്ടുതവണ ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഏതായാലും പഴയ പൈപ്പ് മാറ്റിസ്ഥാപിക്കാത്തപക്ഷം ലക്ഷക്കണക്കിന് ലിറ്റര്‍ ജലചോര്ച്ചയ് ക്കും റോഡ് തകര്‍ച്ചയ്ക്കും യാത്രാതടസത്തിനും കാരണമാകും.
District News
പേരൂര്‍ക്കട: ഓടകള്‍ വ്യാപകമായി അടഞ്ഞതോടെ വെള്ളക്കെട്ടായി മാറിയ വയലിക്കട റോഡില്‍ അധികൃതര്‍ കാര്യമായി ഇടപെട്ടു. ഓടകളിലെ ചളിയും മണലും മണ്ണും നീക്കുന്ന പ്രവര്‍ത്തനം ഒരുദിവസംകൂടി നീളും.
റോഡിന്റെ വശത്തു താമസിക്കുന്നവര്‍ വീടുകളിലേക്കു വാഹനങ്ങള്‍ കയറ്റിയിടുന്നതിനായി സ്വന്തം ചെലവില്‍ സ്ലാബുകള്‍ അടിച്ചിട്ടതാണ് റോഡിലെ വെള്ളക്കെട്ടിനു കാരണമായത്.അശാസ്ത്രീയമായി സ്ലാബുകള്‍ സ്ഥാപിച്ചതുമൂലം മണ്ണും ചളിയും അടിഞ്ഞ് ഓടയിലെ ഒഴുക്ക് തടസപ്പെടുകയായിരുന്നു.
ഇതുമൂലം ഈ വര്‍ഷം മഴക്കാലത്തു മൂന്നുതവണയാണ് വയലിക്കട-വെയിലിക്കുന്ന റോഡ് വെള്ളക്കെട്ടായി മാറിയത്. 200 മീറ്ററോളം റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുകയായിരുന്നു.
അടുത്തിടെ വി.കെ. പ്രശാന്ത് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമായിരുന്നു. ചെട്ടിവിളാകം, കിണവൂര്‍ വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ മറ്റുസ്ഥലങ്ങളില്‍ നിന്നു വെള്ളമൊഴുകി കെട്ടിക്കിടക്കുകയായിരുന്നു.
കിണവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്. സുരകുമാരിയുടെ ഇടപെടലാണ് ഈ ഭാഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാരണമായത്. എം.സി റോഡ്, തിരുവനന്തപുരം മെഡിക്കല്‍കോളജ് എന്നിവിടങ്ങളിലേക്കു പോകുന്നതിനുള്ള സുപ്രധാനമായ റോഡാണ് വയലിക്കട.
District News
മെഡിക്കല്‍കോളജ്: ബ്രിട്ടണിലേക്കു പോകുന്നതിന് സ്റ്റഡി വിസ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പോലീസ് പിടികൂടി. തമിഴ്നാട് തിരുവള്ളൂര്‍ കല്‍പ്പന ചൗള നഗര്‍ ഡോര്‍ നമ്പര്‍ 14/1-ല്‍ അജീഷ് (37) ആണ് പിടിയിലായത്.
പൂന്തുറ ഐഡിപി കോളനി സ്വദേശി ജീന്‍ (28), ഇദ്ദേഹത്തിന്റെ മൂന്നു സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണു തുക നഷ്ടമായത്. 2022 ജൂലൈ 12നായിരുന്നു കേസിന്നാസ്പദമായ സംഭവം. വിവിധ കാലങ്ങളിലായി അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയായിരുന്നു.
മെഡിക്കല്‍കോളജില്‍ ഒരു മാന്‍പവര്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു അജീഷ്. സമയപരിധി കഴിഞ്ഞിട്ടും വീസ തരപ്പെടാത്തതിനെത്തുര്ന്നാണു ജീനും സുഹൃത്തുക്കളും പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഒളിവില്‍ക്കഴിഞ്ഞുവന്ന അജീഷ് വിദേശത്തേക്കു പോകുന്നതിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്.
സൈബര്‍സിറ്റി എസി അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍കോളജ് സിഐ ബി.എം ഷാഫി, എസ്ഐമാരായ ഗീതു, സഫല്‍, സിപിഒമാായ ബല്‍റാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12 സ്മാർട്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. ആധുനിക തെരുവ് വിളക്കുകൾ, ടൈൽ പാകിയ നടപ്പാതകൾ, മെച്ചപ്പെടുത്തിയ മഴവെള്ള ഡ്രെയിനേജുകൾ, ഭൂഗർഭ വൈദ്യുത കേബിളുകൾക്കുള്ള ഡക്ടുകൾ, ജല-മലിനജല ലൈനുകൾക്കുള്ള പ്രത്യേക ചേമ്പറുകൾ എന്നിവയാണ് ഈ റോഡുകളുടെ പ്രധാന സവിശേഷതകൾ. സൈക്കിൾ ട്രാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകൾ നഗരത്തിലെ ഗതാഗതം സുഗമമാക്കാനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മറ്റ് ജോലികളും വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റി അധികൃതർ ശ്രമിക്കുകയാണ്.