കണ്ണൂർ: സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും സമീപിക്കുക എന്ന കടമ നിർവഹിക്കാൻ ഏവരും മുന്നോട്ട് വരണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്. രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് - വർഗീയ ഭീകരതയ്ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമയെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികൾക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീർക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സർക്കാരിന്റെയും ഇഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്.'-ജയരാജൻ കുറിച്ചു.
"ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികൾക്ക് ചില വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടായേക്കാം. മുന്നണി സംവിധാനത്തിൽ ഓരോ കക്ഷിയുടെയും പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിൻ്റെ വികസനം ലക്ഷ്യമിട്ടും നാടിൻ്റെ പൊതുവായ താൽപര്യം മുന്നിൽ കണ്ടുമാണ്. അത്തരത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഒറ്റപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനും സംവിധാനമുണ്ട്.'-ജയരാജൻ കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ചർച്ചയിലൂടെയും മുന്നണി യോഗത്തിൽ പൊതുചർച്ചയിലൂടെയും പരിഹരിക്കാൻ കഴിയുന്നതേ ഉള്ളുവെന്നും അതിന് പകരം പരസ്യമായ വിവാദം സൃഷ്ടിക്കപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും സർക്കാറിനേയും ദുർബലപ്പെടുത്താനെ സഹായിക്കൂവെന്നും ജയരാജൻ കുറിച്ചു.
"രാജ്യം അഭിമുഖീകരിക്കന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാർടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്പോൾ ദുർബലപ്പെടുന്നത് ഈ കാഴ്ചപ്പാടാണ്'.-ജയരാജൻ ചൂണ്ടിക്കാട്ടി
"കഴിഞ്ഞ ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികൾ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകർന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഘട്ടങ്കിലും വലതു മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിച്ചു. അത്തരം പ്രചാരണങ്ങൾ അപ്പാടെ ജനങ്ങൾ തള്ളിക്കളഞ്ഞു. അങ്ങനെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്.'-ജയരാജൻ ഓർമിപ്പിച്ചു.
"ഈ ഘട്ടത്തിൽ കൂടുതൽ ഐക്യത്തോടെ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി വർധിത ശക്തിയോടെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നാണ് കേരള ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആ പ്രതീക്ഷയ്ക്കൊത്താണ് ഉയർന്ന ബോധത്തോടെ നാം പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കേണ്ടതും.'-ജയരാജൻ കൂട്ടിച്ചേർത്തു.
"മുന്നണിക്കകത്ത് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ഈ ഉയർന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതൽ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയും. എതിരാളികളുടെ മനക്കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും.'-ജയരാജൻ കുറിച്ചു.
Tags : ep jayaran ldf government ldf cpm cpi