കൊച്ചി: അര്‍ജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ താത്കാലികമായി അടച്ചിടേണ്ടിവരുന്ന കടകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ ജിസിഡിഎ. താത്കാലികമായി മാറ്റേണ്ടിവരുന്ന കടകള്‍ക്ക് കലൂരിലെ മാര്‍ക്കറ്റില്‍ സ്ഥലമൊരുക്കാനുള്ള സാധ്യതയാണ് ജിസിഡിഎ തേടുന്നത്. ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ഷട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിക്കുന്നവര്‍ക്ക് സ്ഥലം അനുവദിക്കും.
ഷട്ടറിന്റെ വാടക വ്യാപാരികള്‍ തന്നെയാകും നല്‍കേണ്ടത്. അതേസമയം അടച്ചുപൂട്ടല്‍ കാലയളവിലേക്കുള്ള നഷ്ടപരിഹാരം ജിസിഡിഎയ്ക്കു മുന്നിൽ വ്യാപാരികള്‍ അവതിരിപ്പിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ജിസിഡിഎയുടെ വാദം.
ഫിഫ അണ്ടര്‍17 ലോകകപ്പ് മത്സരം നടന്ന സമയത്ത് കോടതി നിര്‍ദേശപ്രകാരം 43 ദിവസത്തെ അടച്ചുപൂട്ടലിന് വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ആ സമയത്ത് നഷ്ടപരിഹാരത്തിനായി സ്പോണ്സര്മാരില് നിന്ന് 25 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ശേഖരിച്ചിരുന്നു. എന്നാല്‍ കുറച്ച് വ്യാപാരികള്‍ക്ക് മാത്രമാണ് ഗണ്യമായ തുക ലഭിച്ചത്.
കടകള്‍ 29ന് അടയ്ക്കും
അതിനിടെ കെട്ടിടത്തിലെ കടകള്‍ താത്കാലികമായി അടയ്ക്കുന്നതില്‍ തീയതി മാറ്റം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ഇന്നു മുതല്‍ കടകള്‍ അടച്ചിടാനാണ് നേരത്തെ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജിസിഡിഎ അധികൃതരും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ഈ മാസം 30 മുതല്‍ കടകള്‍ അടയ്ക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
നവംബര്‍ 20 വരെ കടകള്‍ താത്കാലികമായി അടച്ചിടും. 29ന് വൈകിട്ടോടെ കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതേസമയം അടച്ചുപൂട്ടല്‍ കാലാവധി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവസ്യപ്പെട്ടു. നീണ്ട കാലാവധി ഗുരുതര സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുമെന്നാണ് ഇവരുടെ വാദം.
Tags : Kaloor Stadium GCDA