മല്ലപ്പള്ളി: വൈദ്യുതബോര്‍ഡിലെ കാഷ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സെപ്റ്റംബര്‍ 15 ന് ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഉപഭോക്തൃ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. പുതിയ ഉത്തരവ് പ്രകാരം1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. ഇത് സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. വൈദ്യുതി ബോര്‍ഡ് വിലക്കുള്ളതുകൊണ്ട് അക്ഷയ സെന്റര്‍ വഴി ഇപ്പോള്‍ പണം അടയ്ക്കാന്‍ കഴിയില്ല.
ഇനി അവിടെ ചെന്ന് അവരുടെ ഗൂഗിള്‍ പേ വഴി അടച്ചാല്‍ ഒരു ബില്ലിന് 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. സാധാരണക്കാര്‍ ബില്‍ തുകയ്ക്ക് പുറമേ പിഴത്തുക കൂടി അടയ്ക്കേണ്ട സ്ഥിതിയാണിതുണ്ടാക്കുന്നത്. കെഎസ്ഇബിയിലെ ധൂര്‍ത്തും ദുര്‍വ്യയവും കൊണ്ടുണ്ടായ വന്കടവും ബാധ്യതയും മറച്ചു പിടിക്കാന്‍ ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് ചുരുക്കുന്നു എന്നു മേനി നടിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം തുഗ്ലക്ക് മോഡല്‍ പരിഷ്കാരം ജനവിരുദ്ധമാണെന്ന് പുതുശേരി കുറ്റപ്പെടുത്തി.