സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
ചൈനയുമായി യുഎസിന് "നല്ല ബന്ധ'മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ "മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
"യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പറഞ്ഞു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഷി ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും. വ്യാപാര സംഘർഷങ്ങൾ മുതൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ ആധിപത്യം പുലർത്തുന്ന ചൈന, നിരവധി ചൈനീസ് കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ സങ്കീർണമായിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടത്.
Tags : Donald Trump Xi Jinping China US