ഹയർ സെക്കൻഡറി വിഭാഗം മിനി ദിശ മേളയിൽ സ്റ്റാർ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ സന്ദർശിക്കുന്ന കുട്ടികൾ.
അടൂർ: ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് മിനി ദിശയിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ഏറെ ശ്രദ്ധേയമായി.മൊബൈൽ ഫോൺ റിപ്പയർ മുതൽ സിസിടിവി ഇൻസ്റ്റലേഷൻവരെ തൊഴിൽ രംഗത്ത് ഏറ്റവും സാധ്യതയുള്ള ന്യൂ ജനറേഷൻ കോഴ്സുകളുമായി ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ സ്റ്റാളിൽ രാവിലെ മുതൽ കുട്ടികളുടെ വൻ തിരക്കായിരുന്നു.
പത്തനംതിട്ടആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൈലറ്റ് എസ്ഡിസിയിലെ കുട്ടികളുടെ ലൈവ് ഡ്രോൺ ഷോ, ഇലന്തൂർ ഗവ. വിഎച്ച്എസ്എസ് സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ റോബോട്ടിക് പ്രൊജക്ടുകൾ, കലഞ്ഞൂർ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ മൊബൈൽ ഫോൺ റിപ്പയർ ടെക്നീഷൻ കോഴ്സിലെ കുട്ടികളുടെ മൊബൈൽ ഫോൺ റിപ്പയറിംഗ് എന്നിവ സ്റ്റാളുകളിൽ ശ്രദ്ധേയങ്ങളായി.
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെക്കൂടി മുന്നിൽകണ്ട് 21.5 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച എസ്ഡിസികളിൽ തൊഴിൽ നൈപുണ്യം ആർജിക്കാനായി അത്യാധുനിക ലാബുകൾ പ്രവർത്തിച്ചുവരുന്നു.
തൊഴിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. തങ്ങൾ നേടിയ അറിവുകൾ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനുള്ള അവസരമാണ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മിനിദിശ കരിയർ ഗൈഡൻസ് മേളയിലൂടെ കുട്ടികൾക്കു ലഭിച്ചത്.