ഇന്ന് സർവീസ് പുനരാംഭിക്കുന്ന കുമ്പളങ്ങി ജനതാ അരൂർ ബോട്ട് ഫെറി.
ഫോർട്ടുകൊച്ചി: ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി ജനതാ -അരൂർ അമ്മനേഴം ഫെറി ബോട്ട് സർവീസ് ഇന്നു പുനരാരംഭിക്കും. ഫെറിയും റോഡും ശോചനീയാവസ്ഥയിലായതോടെ വർഷങ്ങളായി സർവീസ് നിർത്തിവച്ചിരുന്ന ജനതാ ഫെറി കുന്പളങ്ങി - അരൂർ കെൽട്രോൺ പാലം നിർമാണ ജോലി ആരംഭിച്ചതോടെയാണ് അറ്റകുറ്റപ്പണി നടത്തി ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്.
ഇന്നു രാവിലെ ആറിന് ഇരുപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ ആദ്യ സർവീസ് ആരംഭിക്കും. 6.30 മുതൽ രാത്രി എട്ടു വരെയാണ് സർവീസ് സമയം. കെൽട്രോൺ ഫെറിയിൽ നിന്നു ബോട്ടും ചങ്ങാടവും നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി. കുമ്പളങ്ങി ജനത ഫെറിയും ഫെറിയിലേക്കുള്ള റോഡും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫും വാർഡ് മെമ്പർമാരായ ലീജാ തോമസ്, ബെയ്സിൽ എന്നിവരും സന്ദർശിച്ചു.
ബോട്ട് അടുപ്പിക്കുന്നതിനു ഇരുഫെറികളുടെയും തീരം ആഴംകൂട്ടുന്ന ജോലികളും പൂർത്തിയായി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു രണ്ടാഴ്ച മുന്പ് കെൽട്രോൺ ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ടിന്റെ ചങ്ങാടം ഒഴിവാക്കിയിരുന്നു.
ഇതുമൂലം, വാഹനയാത്രികർക്ക്എഴുപുന്നയിലൂടെയും ഇടക്കൊച്ചിയിലൂടെയും സഞ്ചരിച്ചു ഹൈവേയിൽ എത്തേണ്ട അവസ്ഥയായിരുന്നു. ജനതാ ഫെറി ചങ്ങാടം സർവിസ് തുടങ്ങുന്നതോടെ ഈപ്രശ്നത്തിന് പരിഹാരമാകും. എന്നാൽ അരൂർ കരയിൽ ജെട്ടിയുടെ പ്ലാറ്റ്ഫോം ഉയർത്താനുള്ള പ്രവൃത്തികൾ ഇതുവരെയും നടത്തിയിട്ടില്ല. നിലവിൽ റെയിലുകൾ നീട്ടി സർവീസ് തുടങ്ങാനാണ് കരാറുകാരുടെ ശ്രമം.