തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : thiruvananthapuram legislativeassembly resolution voterslist sir chiefminister pinarayivijayan