കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 33 സ്കൂളുകളുടെ കൂട്ടായ്മയായ കൊല്ലം സഹോദയാ ജില്ലാ കലോത്സവത്തിന് കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ സഹോദയാ പ്രസിഡന്റ് ഫാ. ഡോ. ഏബ്രഹാം തലോത്തിൽ കൊടിയേറ്റി. നാലു കാറ്റഗറികളിലായി 141 ഇനങ്ങളിൽ 33 സ്കൂളുകളിൽനിന്നായി 2500 ഓളം മത്സരാർഥികൾ പങ്കെടുക്കും.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഗായത്രി സ്കൂൾ ചെയർമാൻ സി. ഷാജി, ട്രഷറാർ ഫാ. അരുൺ ഏറത്ത്, പ്രിൻസിപ്പൽ ലീനാ ശങ്കർ, സഹോദയ മുൻ പ്രസിഡന്റ് ഫാ. ബോവസ് മാത്യു, കൺവീനർ ആഷ്നാ രാജൻ, വൈസ് പ്രിൻസിപ്പൽ ഷീജ പി. നായർ, ഫാ. ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഒന്പതു വേദികളിലായി 141 ഇന മൽസരങ്ങൾ രണ്ടു ദിവസങ്ങളിലായി നടക്കും. ഒന്നാം വേദിയിൽ ദേശഭക്തിഗാനം, സംഘഗാനം, ഇംഗ്ലീഷ് നാടകം, ഒപ്പന, ദഫ്മുട്ട്, കോൽകളി എന്നിവയും രണ്ടാംവേദി യിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മൂന്നാംവേദിയിൽ ക്ലാസിക്കൽ മ്യൂസിക്, ഫ്ളൂട്ട് എന്നിവയും, നാലാം വേദിയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഭരതനാട്യമത്സരവും മറ്റു വിവിധ വേദികളിൽ കുച്ചുപ്പുടി, മോഹിനിയാട്ടം, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം പദ്യംചൊല്ലൽ, മിമിക്രി,
മോണോ ആക്ട്, ഹിന്ദി പദ്യംചൊല്ലൽ എന്നിവയും നടക്കും.രണ്ടാം ദിവസത്തെ കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം സരയു നിർവഹിക്കും. തുടർന്ന് ഒന്പതു വേദികളിലായി സംഘനൃത്തം, മാർഗംകളി, തിരുവാതിര, നാടോടിനൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടക്കും. മത്സരവിജയികൾക്ക് ട്രോഫികളും മെഡലുകളും യു. പ്രതിഭ എംഎൽഎ സമ്മാനിക്കും.
ഒന്നും രണ്ടും സ്ഥാനക്കാരെ കോട്ടയത്ത് നവംബറിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.