തിരുവനന്തപുരം: അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഡോക്ടറില്‍നിന്ന് 3.42 കോടി തട്ടിയെടുത്ത പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടി. ബംഗളൂരു സ്വദേശി ധനുഷ് നാരായണസ്വാമിയാണ് പോലീസ് പിടിയിലായത്.
സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും വ്യാജ ട്രേഡിംഗ് ആപ്പിലൂടെയും ആളുകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഉള്ളൂർ സ്വദേശിയിൽ നിന്നും അപഹരിച്ച തുകയിലെ 1.20 കോടി രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അന്വേഷണ സംഘം വീണ്ടെടുത്തു. തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി.
വഞ്ചിക്കപ്പെട്ടെന്ന് മനസിലായപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താൻ നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി. സെപ്റ്റംബര്‍ 29ന് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തില്‍ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : thiruvanathapuram cheating scams