കൊല്ലം : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ കിണറുകളിലും ടാങ്കുകളിലും ക്ലോറിനേഷന് പ്രക്രിയ പുരോഗമിക്കുന്നു. 30 ഓടെ അവ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധ ഉണ്ടായതായി കരുതുന്ന വലിയ ജലാശയങ്ങള്‍, കുളങ്ങള്‍ എന്നിവ അടച്ചിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗത്തില്‍ അധ്യക്ഷനായ എ ഡി എം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശം നല്കി. കൊന്നയില്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു.
പേഴംതുരുത്ത് ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊട്ടാരക്കര - അടൂര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ ഭരണിക്കാവില്‍ അവസാനിപ്പിക്കുന്നതിനെതിരെ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ സ്കോളര്‍ഷിപ്പ് കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊല്ലം -കടപ്പുഴ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു.
നെടുമ്പനയിലെ മൈതാനം നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും കരീപ്ര പഞ്ചായത്തിലെ തെരുവ്നായ ശല്യം പരിഹരിക്കണമെന്നും പി.സി. വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്. ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.