എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അധിക ജോലിഭാരം നൽകിയത് കൂടുതൽ പഠനമൊന്നും നടത്താതെയെന്ന് ആക്ഷേപം. വാർഡുകളുടെ എണ്ണം വർധിപ്പിച്ചും വിവിധ പൊതുജന സേവനങ്ങൾ ഏകോപിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ മികവ് കൂട്ടാൻ തീരുമാനിച്ച സർക്കാർ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കാൻ തയ്യാറായില്ല. പൊതുജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പുവരുത്തുമെന്ന് ലക്ഷ്യം വച്ച് ഇന്റഗ്രേഷൻ സംവിധാനം നടപ്പാക്കിയെങ്കിലും എൻജിനിയറിംഗ് വിഭാഗത്തിന്റെ ജോലിഭാരം വർധിച്ചതും പ്രശ്നമായി.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ നടക്കുന്ന മരാമത്ത് പണികൾ, കെട്ടിടങ്ങളുടെ വാല്യൂവേഷൻ, വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികളുടെ മേൽനോട്ടവുമെല്ലാം എൻജിനിയറിംഗ് വിഭാഗത്തിന്റെ ചുമതലയാണ്. ഇതിനുപരി അങ്കണവാടികൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങുടെ ഫിറ്റ്നസ്, പിഡബ്യൂഡി വർക്കുകൾ എന്നു വേണ്ട ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു വേണ്ടി മരങ്ങളുടെ വാല്യൂവേഷൻ ഉൾപ്പെടെ ഭാരിച്ച ജോലികൾ ചെയ്യേണ്ട ഗതികേടും എൻജിനിയറിംഗ് വിഭാഗത്തിന്റെ തലയിലായി.
മിക്കപഞ്ചായത്തുകളിലും ബ്ലോക്കുകളിലുമെല്ലാം പണിയെടുക്കാൻ ഒരു അസിസ്റ്റന്റ് എൻജിനിയറും രണ്ട് ഓവർസിയർമാരും ഒരു താല്കാലിക ക്ലർക്കുമാകും ഉണ്ടാവുക. ഉറക്കമില്ലാതെ രാവും പകലും പണിയെടുത്താലും തീരാത്ത ജോലിഭാരം പലരെയും മാനസികമായി തളർത്തി.
എൽഎസ്ജിഡി വിഭാഗത്തിലെ എൻജിനിയറിംഗ് വിഭാഗത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച നിരവധി പേർ ജോലിഭാരം കാരണം മറ്റ് ഡിപ്പാർട്ട്മെന്റുകളിലേക്ക് പോയി. അമിതമായ കൊഴിഞ്ഞുപോക്കിനെയും എൻജിനിയറിംഗ് വിഭാഗത്തിന്റെ അമിത ജോലിഭാരത്തെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച സുന്ദർ കമ്മിഷൻ റിപ്പോർട്ടും അധികൃതർ മുക്കിയതായും ആരോപണമുണ്ട്.
സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ജനങ്ങളിൽ എത്തിക്കുന്നത്. പുതിയ പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതും ജീവനക്കാരുടെ ജോലിഭാരം വർധിക്കാനിടയായി.സർക്കാർ സ്റ്റാഫ് പാറ്റേൺ പുതുക്കേണ്ട കാലം കഴിഞ്ഞെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി.
Tags : Kerala Government