ബിൽ സ്വത്തുക്കളുടെ സുതാര്യതയ്ക്കെന്ന് ജെ.പി. നഡ്ഡ
Friday, April 4, 2025 2:27 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന പ്രതിപക്ഷ വാദം തള്ളി ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭ നേതാവുമായ ജെ.പി.നഡ്ഡ.
ജനാധിപത്യ മാനദണ്ഡങ്ങൾക്കും സുതാര്യതയ്ക്കും മോദിസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ നഡ്ഡ എല്ലാ പ്രതിപക്ഷപാർട്ടികളും ബില്ലിനെ പിന്തുണയ്ക്കണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചശേഷമാണ് ബില്ലിനെ പിന്തുണച്ചുകൊണ്ട് നഡ്ഡ പ്രസംഗിച്ചത്.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. വഖഫ് നിയമം പരിഷ്കാരങ്ങൾക്കായുള്ള കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടിനെ ചിലർ തകർക്കാൻ ശ്രമിക്കുന്നു.
പൊതുജനങ്ങളുടെ ആവശ്യവും സുപ്രീംകോടതി ശിപാർശകളും ഉണ്ടായിരുന്നിട്ടും മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ മുൻ സർക്കാർ നിഷ്ക്രിയത്വം പാലിച്ചു.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇതിനകംതന്നെ വഖഫ് മാനേജ്മെന്റ് സുതാര്യവും ഉത്തരവാദിത്വമുള്ളതുമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇതു പിന്തുടരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.