വഖഫ് ഭേദഗതി ബിൽ; ഭരണഘടനാവിരുദ്ധം: ഗൗരവ് ഗൊഗോയ്
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിലൂടെ ഭരണഘടനയെ നേർപ്പിക്കാനുള്ള ശ്രമമാണു മോദി സർക്കാർ നടത്തുന്നതെന്ന് ബില്ലിന്മേലുള്ള പ്രതിപക്ഷത്തിന്റെ ചർച്ചയ്ക്ക് തുടക്കം കുറിച്ച് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
ഭരണഘടനയെ ദുർബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്തുക, ഇന്ത്യയെ വിഭജിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുക എന്നിവ മാത്രമാണു ബില്ലുകൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ബില്ലിനെ എതിർത്തുകൊണ്ട് ഗൊഗോയ് ആരോപിച്ചു.
എല്ലാ പാർട്ടികളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് സംയുക്ത പാർലിമെന്ററി സമിതി (ജെപിസി) റിപ്പോർട്ട് തയാറാക്കിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന്റെയും അവകാശവാദം തള്ളിയ ഗൊഗോയ് ബില്ലിന്മേൽ പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ ചേർത്തിട്ടില്ലെന്ന് ആരോപിച്ചു.
വഖഫിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് ജെപിസിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുസ്ലിംകളെ ലക്ഷ്യം വച്ച മോദിസർക്കാർ നാളെ മറ്റ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കും. ബില്ലിലെ ഭേദഗതികൾ രാജ്യത്തെ അസഹിഷ്ണുതയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2014 ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് യുപിഎ സർക്കാർ 123 സ്വത്തുക്കൾ വഖഫ് ബോർഡിനു കൈമാറിയെന്ന് റിജിജുവിന്റെ പ്രസ്താവന തെറ്റും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബിൽ അവതരിപ്പിക്കുന്നതിനുമുന്‍പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അഞ്ചു യോഗങ്ങൾ നടത്തി. എന്നാൽ ഒരിക്കൽപ്പോലും ബില്ലിനെപ്പറ്റി ചർച്ച ചെയ്തിട്ടില്ല-ഗൊഗോയ് പറഞ്ഞു.
ബില്ലിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ‘മത സർട്ടിഫിക്കറ്റ് ’നിർബന്ധമാക്കുന്ന വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ഗൊഗോയ്, ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടാക്കാട്ടി.