പീഡനപരാതി; മലപ്പുറം മുൻ എസ്പി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കു സുപ്രീംകോടതി നോട്ടീസ്
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ സുപ്രീംകോടതി പ്രതികരണം തേടി.
സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണു നടപടി.
എന്നാൽ 2022 ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ പരാതി നൽകാൻ എന്തുകൊണ്ടാണു കാലതാമസമുണ്ടായതെന്ന് കോടതി ചോദിച്ചു. കേസെടുക്കാൻ നിർദേശിക്കുന്നതിനുമുന്പ് ആരോപണവിധേയരായ പോലീസുകാരുടെ ഭാഗവും പോലീസ് റിപ്പോർട്ടും പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗണ്‍സൽ സി.കെ. ശശി കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ പോലീസ് റിപ്പോർട്ടോ കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുന്പ് പരിഗണിക്കേണ്ടതില്ലെന്ന് വീട്ടമ്മയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് വ്യക്തമാക്കി.
മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി.വി. ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർക്കെതിരേയാണ് ബലാത്സംഗ പരാതി ഉന്നയിച്ചത്. എന്നാൽ പരാതി വ്യാജമാണെന്ന് പോലീസ് ഉദ്യോഗസ്ഥർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ആദ്യം ഒരു ഉദ്യോഗസ്ഥനെതിരേ പരാതി നൽകി. ആ പരാതി വ്യാജമാണെന്നു കണ്ടെത്തിയ സീനിയർ ഉദ്യോഗസ്ഥനെതിരേ രണ്ടാമത്തെ പരാതി നൽകി. ഇത് അന്വേഷിച്ച എസ്പിക്ക് എതിരേയും ബലാത്സംഗ പരാതി നൽകിയതായും അഭിഭാഷകർ വാദിച്ചു.