വഖഫ് ഭേദഗതി ബിൽ ലോക്സഭ കടന്നു
Thursday, April 3, 2025 3:10 AM IST
സനു സിറിയക്
ന്യൂഡൽഹി: വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന "വഖഫ് ഭേദഗതി ബിൽ -2025' പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ലോക്സഭയിൽ പാസായി.
ബില്ലിന്മേൽ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നതെങ്കിലും 12 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച രാത്രി വൈകി 12 വരെ നീണ്ടു.
ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് "ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും.
ലോക്സഭയിൽ ചോദ്യോത്തരവേളയ്ക്കു ശേഷം ബിൽ അവതരിപ്പിക്കുന്നതിന് സ്പീക്കർ ഓം ബിർള ശബ്ദവോട്ടോടെ അനുമതി നൽകി. തുടർന്ന് ബില്ലിന്മേലിലുള്ള ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് തുടക്കം കുറിച്ചത്.
മുസ്ലിം സമുദായത്തിന്റെ മതപരമായ ഒരു ആചാരത്തിലും ബിൽ ഇടപെടില്ലെന്നും സ്വത്തുക്കളുടെ നടത്തിപ്പു മാത്രമേ ഉൾപ്പെടുന്നുള്ളൂവെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് റിജിജു വ്യക്തമാക്കി.
എന്നാൽ, വഖഫ് ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷത്തിനുവേണ്ടി ചർച്ചയ്ക്ക് തുടക്കം കുറിച്ച കോൺഗ്രസിന്റെ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. എൻഡിഎ ബില്ലിനെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സിപിഎം തുടങ്ങിയവർ ബില്ലിനെ ശക്തമായി എതിർത്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ശക്തമായ വാഗ്വാദമാണ് ബിൽ അവതരണത്തിലുടനീളം ഉണ്ടായത്.
മുസ്ലിം മതത്തിൽപ്പെട്ടവർ മതപരമായ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ബിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഡിഎ സർക്കാർ ലോക്സഭയിൽ ആദ്യം അവതരിപ്പിക്കുന്നത്. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെയും വിവിധ മുസ്ലിം സംഘടനകളുടെയും കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടുകയായിരുന്നു.
ബിജെപിയുടെ ജഗ്ദംബിക പാൽ അധ്യക്ഷനായ ജെപിസി ബില്ലിലെ 14 ഭേദഗതികൾ അംഗീകരിച്ചു. പ്രതിപക്ഷം നിർദേശിച്ച 44 ഭേദഗതികൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ജെപിസി റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.
ഭേദഗതിയിലെ പ്രധാന നിർദേശങ്ങൾ
☛ വഖഫ് കൗൺസിലിന്റെയും വഖഫ് ബോർഡുകളുടെയും ഘടനയിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുക
☛ വഖഫ് വസ്തുക്കളിൽ സർവേ നടത്തുന്നതിന് സർവേ കമ്മീഷണർക്കു പകരം കളക്ടർക്ക് അധികാരം നൽകുക
☛ വഖഫ് ആയി രേഖപ്പെടുത്തിയ സർക്കാർ സ്വത്ത് വഖഫ് ആയി തുടരില്ല, വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാം
☛ വഖഫ് ബൈ യൂസർ വ്യവസ്ഥ നീക്കം ചെയ്യും
☛ ഒരാൾക്ക് വഖഫായി ഭൂമി ദാനം ചെയ്യുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമായി താൻ ഇസ്ലാം മതം ആചരിക്കുന്നുണ്ടെന്ന് തെളിയിക്കണം
☛ വഖഫ് ട്രൈബ്യൂണൽ സിഇഒ അമുസ്ലിം ആകണം
☛ വഖഫ് ഭരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുക