സിപിഎം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായി
Thursday, April 3, 2025 3:10 AM IST
മധുര: മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തിയതോടെ സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മുതിർന്ന പിബി അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അധ്യക്ഷത വഹിച്ചു.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്തു.
സംഘടനാ റിപ്പോർട്ട് ബി.വി. രാഘവുലുവും രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും അവതരിപ്പിച്ചു. 127 പേജുള്ള സംഘടനാ റിപ്പോർട്ടാണ് രാഘവുലുവു അവതരിപ്പിച്ചത്. സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ. ശങ്കരയ്യയ്ക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ചത്.
പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന രേഖ, ഭേദഗതികൾ എന്നിവയിലുള്ള നിർണായക ചർച്ചകൾ ഇന്നുമുതൽ നടക്കും. സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച അഞ്ചിന് നടക്കും. കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്, ഭേദഗതി റിപ്പോർട്ട് എന്നിവ ഇന്നലെ അവതരിപ്പിച്ചു.
പിബി അംഗങ്ങളുടെ പ്രവർത്തനമടക്കം വിലയിരുത്തുമെന്ന് സംഘടനാ റിപ്പോർട്ട്
പാർട്ടി കോൺഗ്രസ് ഏല്പിക്കുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നിർവഹിക്കണമെന്നും ഇക്കാര്യം വിലയിരുത്തുമെന്നും ബി.വി. രാഘവുലുവു അവതരിപ്പിച്ച സിപിഎം സംഘടന റിപ്പോർട്ടില്‍ പരാമര്‍ശം. സംഘടനാ കാര്യങ്ങളിൽ ഭാരവാഹികൾ ശ്രദ്ധ കാട്ടുന്നില്ല.
സമരങ്ങൾ ഏറ്റെടുത്തും സംഘടനാദൗത്യങ്ങൾ ഉറപ്പാക്കിയും സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കുന്നതിൽ പിബിക്കും വീഴ്ച പറ്റി. സംഘടനാപരമായ പരിശോധനയിലേക്കു കടക്കാതെ കേവലമായ ചർച്ചകളിൽ ഒതുങ്ങുന്ന കേന്ദ്രകമ്മിറ്റിയുടെ പ്രവർത്തനരീതി മാറണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.