വഖഫ് ബോർഡുകളുടെ കൈവശമുള്ളത് 39 ലക്ഷം ഏക്കർ സ്ഥലമെന്ന് അമിത് ഷാ
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: രാജ്യത്ത് വിവിധ വഖഫ് ബോർഡുകളുടെ കൈവശമുള്ളത് 39 ലക്ഷം ഏക്കർ സ്ഥലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
വഖഫ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ലെന്നും ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ മന്ത്രി ആരോപിച്ചു. 12-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേവലം രണ്ടു ഗ്രാമങ്ങളിൽനിന്നാണ് ഇന്ത്യയിലെ വഖഫ് ഭൂമിയുടെ ചരിത്രം തുടങ്ങുന്നത്. ഇന്നത് 39 ലക്ഷം ഏക്കറായി.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വഖഫ് ബോർഡുകളുടെ അധീനതയിലുള്ള ഭൂമിയുടെ അളവ് ഇരട്ടിയായി വർധിച്ചു. 1913നും 2013നുമിടയിൽ വഖഫ് ബോർഡിന് ഉണ്ടായിരുന്നത് 18 ലക്ഷം ഏക്കർ സ്ഥലമാണ്. എന്നാൽ 2013 നും 2025നും ഇടയിൽ 21 ലക്ഷം ഏക്കർ ഭൂമികൂടി വഖഫ് വസ്തുവായി മാറി. 2013ൽ യുപിഎ സർക്കാർ വഖഫ് ആക്ട് ഭേദഗതി ചെയ്തതോടെയാണ് ഇപ്രകാരം വഖഫ് ഭൂമി വർധിച്ചത് -അമിത് ഷാ ചൂണ്ടിക്കാട്ടി.
പുതിയ നിയമപ്രകാരമുള്ള വഖഫ് ബോർഡിലെ മുസ്ലിം ഇതര അംഗങ്ങൾ മതകാര്യങ്ങളിൽ ഇടപെടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം.
വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വോട്ട്ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം നിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.
മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്തു കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക എന്നിവയാണ് അവരുടെ ഉത്തരവാദിത്വം -അമിത് ഷാ പറഞ്ഞു.
2013ല്‍ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വഖഫ് കൈവശം ഇന്ത്യക്കാണ്. കൂടാതെ, പ്രതിരോധ സേനയ്ക്കും ഇന്ത്യൻ റെയിൽവേയ്ക്കും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്.