മുംബൈ തീരത്ത് ബോട്ടിൽനിന്ന് 2500 കിലോ മയക്കുമരുന്ന് പിടികൂടി
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്തുനിന്ന് 2500 കിലോയിലധികം മയക്കുമരുന്ന് നാവികസേന പിടികൂടി.
കഴിഞ്ഞ 31ന് നാവികസേനയുടെ യുദ്ധകപ്പലായ "ഐഎൻഎസ് തർക്കാഷ്' ആണ് മുംബൈ തീരത്തുനിന്ന് ബോട്ടിൽ കടത്തുകയായിരുന്ന 2,386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടിയത്. നാവികസേനയുടെതന്നെ പി81 വിമാനം നൽകിയ വിവരപ്രകാരമായിരുന്നു മയക്കുമരുന്നു വേട്ട.
ഇന്ത്യൻ സമുദ്രത്തിലെ സുരക്ഷാ പ്രവർത്തനങ്ങൾക്ക് ജനുവരി മുതൽ നിയോഗിക്കപ്പെട്ട "ഐഎൻഎസ് തർക്കാഷി’ന് മേഖലയിൽ സംശയാസ്പദമായ കപ്പലുകളും ബോട്ടുകളുമുണ്ടെന്ന വിവരം പി81 വിമാനം നൽകുകയായിരുന്നു.
മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന "ഐഎൻഎസ് തർക്കാഷ്' വിവരം ലഭിച്ചതിനുപിന്നാലെ ഗതി മാറ്റി മുംബൈയിലെ മാരിടൈം ഓപ്പറേഷൻ സെന്ററിന്റെ ഏകോപനത്തോടെ സംശയാസ്പദമായ കപ്പലുകളിലും ബോട്ടുകളിലും അന്വേഷണം നടത്തി. ഇതോടൊപ്പം മേഖലയിലെ മറ്റു കപ്പലുകളെ ഹെലികോപ്റ്റർ ഉപയോഗിച്ചും നിരീക്ഷിച്ചു.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ബോട്ടിൽ നാവികസേനയുടെ മറീൻ കമാൻഡോകൾ നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിന്റെ ചരക്ക് സൂക്ഷിക്കുന്ന കംപാർട്ട്മെന്റുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ബോട്ട് പിടിച്ചെടുത്തെന്നും ജീവനക്കാരെ പ്രാഥമിക ചോദ്യം ചെയ്യലിനു വിധേയമാക്കിയെന്നും നാവികസേന അറിയിച്ചു. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.