ഇന്ന് മുസ്ലിംകളെങ്കിൽ നാളെ ക്രൈസ്തവരും മറ്റന്നാൾ സിഖുകാരും: കെ.സി. വേണുഗോപാൽ
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: വഖഫ് വിഷയത്തിൽ ബിജെപി ഇന്ന് മുസ്ലിംകളെ ലക്ഷ്യം വയ്ക്കുകയാണെങ്കിൽ നാളെയതു ക്രൈസ്തവരും മറ്റന്നാൾ സിഖുകാരുമായിരിക്കുമെന്ന് ലോക്സഭയിൽ കെ.സി. വേണുഗോപാൽ എംപി.
ഇന്നലെ അവർ പാർലമെന്റിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കിയെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കണമെന്നുള്ള സംഘ പരിവാർ അജൻഡ നടപ്പിലാക്കാനാണു ബിജെപി സർക്കാരിന്റെ ഗൂഢലക്ഷ്യമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറികൂടിയായ കെ.സി. വേണുഗോപാൽ പറഞ്ഞു.
വഖഫ് വിഷയത്തിൽ സിബിസിഐയുടെ പ്രസ്താവന ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഉയർത്തിപ്പിടിക്കുന്നതിനെയും എംപി വിമർശിച്ചു.
സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയുടെ അവസാന വരിയിൽ ഭരണഘടന ഉറപ്പ് നൽകുന്നതുപോലെ മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതേസമയം പള്ളികൾ ആക്രമിക്കപ്പെട്ടതിന് എത്രതവണ സിബിസിഐ പരാതിപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
ബിജെപി ഭരണത്തിൽ 753 പള്ളികൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ജാർഖണ്ഡിലെയും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനന്പത്തെ ജനങ്ങൾക്കു നീതി ലഭിക്കണമെന്നതിൽ ഞങ്ങൾ പൂർണ പിന്തുണ നൽകുന്നുണ്ട്.അവരുടെ പ്രശ്നങ്ങൾക്കു നിയമപരമായ പരിഹാരമാണു വേണ്ടത്. എന്നാൽ അതിന്റെ പേരിൽ ബിജെപി സർക്കാർ മതസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ്. മുനന്പം വിഷയത്തിന്റെ പേരിൽ നിങ്ങളെ പിന്തുണയ്ക്കുന്നവർക്ക് നിങ്ങളുടെ യഥാർഥ മുഖം വൈകാതെ മനസിലാകുമെന്നും എംപി തുറന്നടിച്ചു.