വഖഫ് ഭേദഗതി ബിൽ; മുൻകാല പ്രാബല്യം ഉണ്ടാകില്ല: മന്ത്രി കിരണ്‍ റിജിജു
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ 2025ന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ലോക്സഭയിൽ വ്യക്തമാക്കി.
ഭേദഗതിയിൽ "വഖഫ് ബൈ യൂസർ’ എന്ന വ്യവസ്ഥ നീക്കം ചെയ്തതിനാൽ മസ്ജിദുകൾ, ദർഗകൾ മുതലായ നിരവധി സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുമെന്നുള്ള കിംവദന്തികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കളെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്ന് ബില്ലിന്മേലുള്ള ചർച്ചയ്ക്കു തുടക്കംകുറിച്ച് റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ ഏകീകൃത വഖഫ് മാനേജ്മെന്റ് ശക്തീകരണം, കാര്യക്ഷമത, വികസന ബിൽ എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ആരുടെയും സ്വത്തുക്കളും അവകാശങ്ങളും അപഹരിക്കാനുള്ളതല്ല. സർക്കാരുമായി തർക്കത്തിലുള്ള സ്വത്തുക്കൾ ഒഴികെയുള്ള വഖഫ് വസ്തുവകകൾ വഖഫായി തന്നെ തുടരും.
മുസ്ലിം സമുദായത്തിന്റെ മതപരമായ ഒരു ആചാരത്തിലും ബിൽ ഇടപെടില്ല. സ്വത്തുക്കളുടെ നടത്തിപ്പുമായി മാത്രമേ ബന്ധപ്പെടുകയുള്ളൂ. സ്വത്തുക്കളുടെ മികച്ച നടത്തിപ്പ് നിയമം ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനന്പം അടക്കം വഖഫ് ബോർഡുമായി തർക്കത്തിലുള്ള വിഷയങ്ങളും റിജിജു തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. നിയമം പ്രബല്യത്തിൽ വരുന്നതോടെ ഇത്തരം തർക്കങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിന് ഏതു സ്വത്തും വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന നിയമത്തിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ പുതിയ ഭേദഗതി നിർദേശിക്കുന്നു. ഈ വ്യവസ്ഥ രാജ്യത്തു വലിയതോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഇതിന്റെ ഫലമായി ഹിന്ദു ക്ഷേത്രങ്ങൾ, സിഖ് ഗുരുദ്വാരകൾ, ക്രിസ്ത്യൻ കുടുംബങ്ങൾ, സാധാരണ കർഷകർ തുടങ്ങിയവരുടെ സ്വത്തുക്കൾ വഖഫ് ഭൂമിയായി പ്രഖ്യാപിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.